എന്‍ ഡി ടി വിയെ വേട്ടയാടുന്നോ?

Posted on: June 7, 2017 6:40 am | Last updated: June 6, 2017 at 11:42 pm

എന്‍ ഡി ടി വി സ്ഥാപകനും എക്‌സിക്യുട്ടീവ് ചെയര്‍പേഴ്‌സണുമായ പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവര്‍ക്കെതിരെയുള്ള സിബി ഐ നടപടികള്‍ വിവാദമായിരിക്കുന്നു. ഐ സി ഐ സി ഐ ബാങ്കില്‍ നിന്നെടുത്ത 48 കോടി തിരിച്ചടക്കാത്തതിനും ആര്‍ ബി ഐ ചട്ടം ലംഘിച്ചു വിദേശ നിക്ഷേപം സ്വീകരിച്ചതിനും 2015ല്‍ എന്‍ ഡി ടി വിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കേസും റെയ്ഡുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതാണെന്നും മോദി സര്‍ക്കാറിനെ ശക്തമായി വിമര്‍ശിക്കുന്നതിലുള്ള പകപോക്കലാണ് റെയ്‌ഡെന്നുമാണ് എന്‍ ഡി ടി വി വൃത്തങ്ങള്‍ പറയുന്നത്. ഗുജറാത്ത് വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ തുടങ്ങിയതാണ് മോദിക്കുള്ള കടുത്ത ശത്രുതയെന്നും ചാനല്‍ ചൂണ്ടിക്കാട്ടുന്നു.

കന്നുകാലി വില്‍പന നിരോധത്തെക്കുറിച്ചു ജൂണ്‍ രണ്ടിന് നടന്ന ചര്‍ച്ചക്കിടെ ബി ജെ പി ദേശീയ വക്താവ് സംപിത് പാത്രയെ എന്‍ ഡി ടി വി ഇറക്കിവിട്ടിരുന്നു. ഈ വിഷയത്തില്‍ ചാനിലിന് കേന്ദ്ര സര്‍ക്കാറിനെതിരെ പ്രത്യേക അജന്‍ഡയുണ്ടെന്ന് സംപിത് പാത്ര ആരോപിച്ചപ്പോള്‍, ആരോപണം പിന്‍വലിക്കുകയോ ചര്‍ച്ചയില്‍ നിന്ന് മാറി നില്‍ക്കുകയോ വേണമെന്ന് ചാനല്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആവശ്യപ്പെട്ടെങ്കിലും സംപിത്പാത്ര സമ്മതിച്ചില്ലെന്ന് മാത്രമല്ല, ബഹളമുണ്ടാക്കി പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. അപ്പോഴാണ് അദ്ദേഹത്തെ പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് ചാനല്‍ മേധാവികള്‍ക്കെതിരായ റെയ്‌ഡെന്നത് സന്ദേഹം ജനിപ്പിക്കുന്നു. എന്‍ ഡി ടി വിക്കെതിരായ കേന്ദ്ര നീക്കം ഇതാദ്യത്തേതല്ല, പത്താന്‍കോട് ഭീകരാക്രമണ ചര്‍ച്ചകളില്‍ തീവ്രവാദികള്‍ക്ക് സഹായകമായ വിവരങ്ങള്‍ പുറത്തുവിട്ടെന്നാരോപിച്ച് നവംബര്‍ ഒമ്പതിന് സംപ്രേക്ഷണം ചാനല്‍ നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഉത്തരവിട്ടിരുന്നു. തീവ്രവാദ ആക്രമണ വാര്‍ത്തകളില്‍ സൈനിക വക്താവ് നല്‍കുന്ന വിവരങ്ങള്‍ മാത്രമേ പരസ്യപ്പെടുത്താവൂ എന്നാണ് നിയമം. സൈനിക കേന്ദ്രത്തിലെ യുദ്ധോപകരണങ്ങളെക്കുറിച്ചു സൈനിക കേന്ദ്രങ്ങള്‍ നല്‍കാത്ത വിവരങ്ങളും എന്‍ ഡി ടി വി സംപ്രേക്ഷണം ചെയ്‌തെന്നാണ് കേന്ദ്രം ആരോപിച്ചത്. എന്നാല്‍ എന്‍ ഡി ടി വി മാത്രമായിരുന്നില്ല, ആജ്തക്, എ ബി പി ന്യൂസ് തുടങ്ങിയ ചാനലുകളും അത്തരം വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. എന്നിട്ടും എന്‍ ഡി ടി വിക്ക് എതിരെ മാത്രം നടപടി കൈക്കൊള്ളുന്നതിന്റെ സാധുത ചോദ്യം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ആ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 19(1) വിഭാവനം ചെയ്യുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പിന്‍ബലത്തിലാണ് രാജ്യത്തെ ദൃശ്യപത്ര മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എങ്കിലും രാജ്യസുരക്ഷയും നാടിന്റെ നന്മയും ലാക്കാക്കി മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ആവശ്യമായി വന്നേക്കും. അപ്പോള്‍ തന്നെ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം സര്‍ക്കാര്‍ സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ വിനിയോഗിക്കരുത്. തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങളെ പിന്തുണക്കുന്ന മാധ്യമങ്ങള്‍ക്ക് പരിധികളില്ലാത്ത സ്വാതന്ത്ര്യം അനുവദിക്കുകയും അല്ലാത്തവയെ ശ്വാസം മുട്ടിച്ചു കൊല്ലുകയും ചെയ്യുകയെന്നത് ജനാധിപത്യ വിരുദ്ധവും ഫാസിസവുമാണ്. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം ആരോഗ്യകരമായ ജനാധിപത്യ വ്യവസ്ഥിതിയില്‍ അനിവാര്യമാണ്. മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കേണ്ടതിന്റെ അനിവാര്യത പ്രധാനമന്ത്രി തന്നെ പല വേദികളിലും ഊന്നിപ്പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല, അടിയന്തിരാവസ്ഥ കാലത്ത് മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടതിനെ രൂക്ഷമായി വിമര്‍ശിച്ച പാര്‍ട്ടിയാണ് ബി ജെ പി.

എന്‍ ഡി ടി വി നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് തന്നെയാണ്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞ പോലെ ആരുടെ കാര്യത്തിലും നിയമത്തെ അതിന്റെ വഴിയിലൂടെ പോകാന്‍ അനുവദിക്കണം. എന്നാല്‍ നിയമത്തെ കാറ്റില്‍ പറത്തുകയും സഹസ്ര കോടികള്‍ കടമെടുത്തു തിരിച്ചടക്കാതെ പൊതുമേഖലാ ബേങ്കുകളെ കബളിപ്പിക്കുകയും ചെയ്യുന്ന കുത്തക മുതലാളിമാര്‍ രാജ്യത്ത് എമ്പാടുമുണ്ട്. രാഷ്ട്രീയ നേതൃത്വങ്ങളുമായി അടുത്ത ചങ്ങാത്തം പുലര്‍ത്തുന്ന അവരെയൊന്നും നിയമം പിടികൂടാറില്ല. പലപ്പോഴും അത്തരക്കാര്‍ക്ക് വേണ്ടി നിയമത്തിന്റെ അളവുകോല്‍ തന്നെ മാറ്റിമറിക്കുകയും ചെയ്യുന്നു. അധികാരികളുടെ കണ്ണില്‍ കരടാകുന്നവര്‍ക്കു നേരെ മാത്രമേ നിയമത്തിന്റെ ദണ്ഡുകള്‍ പ്രയോഗിക്കപ്പെടുന്നുവെന്ന് വരുന്നത് ജനങ്ങള്‍ക്ക് അതിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും, അധികാര സ്ഥാനീയര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ആദര്‍ശം പണയം വെക്കാത്ത മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുന്നത് ജനാധിപത്യത്തെ തന്നെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും.