ഖത്വര്‍ പ്രശ്‌നം; സഊദിക്കും ബഹ്‌റൈനും യു എ ഇ പിന്തുണ

Posted on: June 6, 2017 4:30 pm | Last updated: June 6, 2017 at 4:05 pm

അബുദാബി: ഖത്വര്‍ വിഷയത്തില്‍ ബഹ്‌റൈന്‍, സഊദി എന്നീ രാജ്യങ്ങളുടെ പ്രസ്താവനയെ യു എ ഇ സര്‍വാത്മനാ പിന്തുണച്ചു. സഹോദര രാഷ്ട്രങ്ങളായ ബഹ്‌റൈന്‍, സഊദി എന്നിവക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് യു എ ഇ വ്യക്തമാക്കി. ‘ജി സി സിയുടെ സുരക്ഷയും സ്ഥിരതയും കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സിലിന് യു എ ഇ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കുന്നു.

ഗള്‍ഫ് കൗണ്‍സിലിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് അന്താരാഷ്ട്ര കരാറുകള്‍ ഖത്വര്‍ ബഹുമാനിക്കണം. ജിസിസി രാജ്യങ്ങളുടെ പൊതു താത്പര്യങ്ങള്‍, പ്രത്യേകിച്ച് ഖത്വറിലെ ജനങ്ങളുടെ താല്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിന് മാര്‍ഗങ്ങള്‍ സ്വീകരിക്കണം’. നിലവില്‍ സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്വര്‍ ബന്ധം വിഛേദിച്ചത്. എന്നാല്‍ കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ വ്യോമ മാര്‍ഗം കൂടാതെ, കര–ജല ഗതാഗതവും യുഎഇ നിര്‍ത്തലാക്കിയിട്ടുണ്ട്. യു എ ഇ ഖത്വര്‍ ഉഭയകക്ഷി നയതന്ത്ര ബന്ധം വേര്‍പെടുത്തിയതോടെ ഖത്വര്‍ നയതന്ത്രജ്ഞര്‍ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ യു എ ഇ നിര്‍ദേശിച്ചു.

കൂടാതെ സുരക്ഷാ കാരണങ്ങളാല്‍ രാജ്യത്തുള്ള ഖത്വര്‍ പൗരന്മാര്‍ 14 ദിവസത്തിനകം യു എ ഇ വിടണം. ഖത്വറിലുള്ള യു എ ഇ പൗരന്മാര്‍ വേഗത്തില്‍ രാജ്യത്തേക്ക് തിരിച്ചെത്തണമെന്നും യു എ ഇ അഭ്യര്‍ഥിച്ചു. യു എ ഇ സ്വദേശികള്‍ ഖത്വറിലേക്ക് പോകുന്നതും യു എ ഇ നിരോധിച്ചിട്ടുണ്ട്. കൂടാതെ ഖത്വറിന്റെ അതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്നതും യു എ ഇ വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്. 2014 ല്‍ റിയാദില്‍ നടന്ന ഗള്‍ഫ് കൗണ്‍സില്‍ കരാര്‍ ഖത്തര്‍ ഭരണകൂടം അനുസരിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലമാണ് നിര്‍ണായകമായ നടപടികള്‍ സ്വീകരിക്കുവാന്‍ യു എ ഇ തയ്യാറായത്.