എന്‍ഡിടിവി യോട് മോദിക്ക് വ്യക്തിപരമായ ശത്രുത: എം എ ബേബി

Posted on: June 5, 2017 7:06 pm | Last updated: June 5, 2017 at 7:46 pm

തിരുവനന്തപുരം: എന്‍ഡിടിവിയെ വരുതിയില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഇതിന്റെ ഭാഗമാണ് എന്‍ഡിടിവി ചെയര്‍മാന്‍ പ്രണോയ് റോയിയുടെ വീട്ടില്‍ നടന്ന സിബിഐ റെയ്ഡ്. ഏഴ് വര്‍ഷം മുമ്പുള്ള ഒരു സാമ്പത്തിക പരാതിയുടെ പേരിലാണ് ഈ പരിശോധന. ഈ സര്‍ക്കാര്‍ വന്നതു മുതല്‍ എന്‍ഡിടിവിയുടെ മേല്‍ സമ്മര്‍ദമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എല്ലാക്കാലത്തും മതേതര നിലപാട് സ്വീകരിക്കുകയും ആര്‍ എസ് എസിന്റെ ഭീഷണികള്‍ക്ക് വഴങ്ങാതിരിക്കുകയും ചെയ്ത സ്ഥാപനമാണ് എന്‍ഡിടിവിയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ എന്‍ഡിടിവിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യക്തിപരമായ ശത്രുത ആണെന്നതും എല്ലാവര്‍ക്കുമറിയാം. ഇന്ത്യയിലെ മാധ്യമങ്ങളെയാകെ വരുതിയില്‍ കൊണ്ടു വന്ന സര്‍ക്കാര്‍ വിയോജിപ്പിന്റെ ഒരു ചെറു ശബ്ദം പോലും വച്ചു പൊറുപ്പിക്കില്ല എന്നതാണ് ഈ സംഭവം നല്കുന്ന അടയാളം.
ഇന്ത്യയിലെ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് നേരെയുള്ള വലിയ ഒരു വെല്ലുവിളി ആണിത്. ഫാസിസ്റ്റ് ആയ ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ നമ്മുടെ ജനാധിപത്യത്തിനു നേരെ എന്തു വെല്ലുവിളിയാണുയര്‍ത്തുക എന്നത് വളരെ വ്യക്തമാണ്. എല്ലാ ജനാധിപത്യവാദികളും ഈ പത്രമാരണ നീക്കത്തിനെതിരെ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.