ട്വിറ്ററില്‍ കൂടുതല്‍ പേര്‍ പിന്തുടരുന്ന അറബ് നേതാക്കളില്‍ ശൈഖ് മുഹമ്മദ് മുന്നില്‍

Posted on: June 2, 2017 11:15 am | Last updated: June 2, 2017 at 10:54 am

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന അറബ് നേതാവ്. ബാര്‍സോണ്‍ മാര്‍സ്റ്റെല്ലേഴ്‌സ് 2017 പഠന റിപ്പോര്‍ട് പ്രകാരമുള്ള കണക്ക് കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. 79 ലക്ഷം പേരാണ് ശൈഖ് മുഹമ്മദിനെ സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ പിന്‍പറ്റുന്നത്.
ജോര്‍ദാനിലെ ക്വീന്‍ റാണിയയാണ് ലോകത്തു ഏറ്റവും അധികം പേര്‍ പിന്‍പറ്റുന്ന രണ്ടാമത്തെ വ്യക്തിത്വം. സഊദിയിലെ സല്‍മാന്‍ രാജാവ് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്‍പറ്റുന്നവരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 60 ലക്ഷം പേരാണ് അദ്ദേഹത്തെ ട്വിറ്ററില്‍ പിന്‍പറ്റുന്നത്. ഇന്ത്യയിലെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആണ് ഏറ്റവും കൂടുതല്‍ പേര് പിന്‍പറ്റുന്ന വനിതാ വിദേശകാര്യ മന്ത്രി. യു എ ഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ഏറ്റവും കൂടുതല്‍ പേര്‍ പിന്‍പറ്റുന്ന രണ്ടാമത്തെ വിദേശ കാര്യ മന്ത്രിയാണ്. സഊദി അറേബ്യയിലെ ആദില്‍ അല്‍ ജുബൈറാണ് തൊട്ടു പിറകില്‍.

ലോകത്തു ഏറ്റവും കൂടുതല്‍ പേര്‍ പിന്‍പറ്റുന്ന ലോക നേതാവ് പോപ്പ് ഫ്രാന്‍സിസാണ്. പോപ്പിന്റെ ഒന്‍പത് ഭാഷകളിലുള്ള അക്കൗണ്ടുകളിലായി 3.37 കോടി ജനങ്ങളാണ് അനുദിനം അദ്ദേഹത്തെ ട്വിറ്ററിലൂടെ അനുഗമിക്കുന്നത്.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് തൊട്ടുപിറകില്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേദ്ര മോഡി, തുര്‍ക്കി പ്രസിഡന്റ് തയ്യബ് എര്‍ദോഗാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ എന്നിവര്‍ ലോകത്തു ഏറ്റവും കൂടുതല്‍ പേര് പിന്‍പറ്റുന്നവരുടെ പട്ടികയില്‍ ആദ്യത്തെ പത്തു പേരില്‍ ഉള്‍പെട്ടിട്ടുണ്ട്.