അത്താഴ മുട്ടുകളും അത്താഴക്കമ്മിറ്റിയും

Posted on: June 1, 2017 8:10 pm | Last updated: June 1, 2017 at 8:10 pm

റമസാനില്‍ അത്താഴത്തിനു വിളിച്ചുണര്‍ത്തുന്ന മുട്ടു സംഘങ്ങള്‍ പല നാടുകളില്‍ സജീവമായിരുന്നു. പെരുമ്പറയും അറബനയുമൊക്കെയായി ജനവാസകേന്ദ്രങ്ങളില്‍ പാതിരാക്ക് വിളിച്ചുണര്‍ത്താനുള്ള ദൗത്യസംഘങ്ങളായിരുന്നു അവര്‍. മലബാറിലെ ചില പ്രദേശങ്ങളില്‍ പേരുകേട്ട അത്താഴ മുട്ടു സംഘങ്ങള്‍ തന്നെയുണ്ടായിരുന്നു.
മൊബൈല്‍ ഫോണുകളും അലാമുകളുമൊന്നും ഇല്ലാതിരുന്ന കാലത്ത് അത്താഴമുട്ടു സംഘങ്ങളായിരുന്നു ഒരുപാട് പേരുടെ ആശ്രയം. പല നാടുകളിലും പലരീതികളില്‍ അത്താഴ മുട്ടു സംഘങ്ങളുണ്ടായിരുന്നു. പഴയ തലമുറകള്‍ തുടങ്ങിവെച്ച അത്താഴമുട്ടുകള്‍ക്ക് തുടര്‍ച്ചകളുണ്ടായെങ്കിലും സാമൂഹികമായ മാറ്റങ്ങള്‍ അത്താഴമുട്ടുകളെ നാമാവശേഷമാക്കി. വടകര താഴേ അങ്ങാടി പ്രദേശത്തെ അത്താഴ മുട്ട് പ്രസിദ്ധമാണ്. കോതിബസാറിലേക്ക് കച്ചവടത്തിന് വള്ളങ്ങളില്‍ ചരക്കുകളുമായി വന്നിരുന്ന കച്ചവടക്കാരെയും യാത്രക്കാരെയും തുഴചിലുക്കാരെയും ഉദ്ദേശിച്ചാണ് 1928ല്‍ അത്താഴ മുട്ട് ആരംഭിച്ചതെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മലബാര്‍ മുസ്‌ലിം ചരിത്രത്തിലെ അപൂര്‍വതകളിലൊന്നാണ് വടകരയിലെ അത്താഴ കമ്മിറ്റി.
മാടത്ത് കിഴില്‍ മമ്മദ് സാഹിബിന്റെ നേതൃത്വത്തില്‍ വടകര വലിയ ജുമുഅ മസ്ജിദ് കേന്ദ്രീകരിച്ചയിരുന്നു തുടക്കം. ആ കാലത്തേ പട്ടിണി സാധാരണക്കാരെ അത്താഴത്തിലേക്ക് ആകര്‍ഷിച്ചു. ഗുജ്‌റാത്തിലെ കച്ച് എന്ന പ്രദേശത്തെ മേമന്‍ സമുദായത്തിലെ കച്ചവടക്കാര്‍ വ്യാപാരത്തിനായി വരികയും കമ്മിറ്റിയെ കുറിച്ചറിഞ്ഞ് സാമ്പത്തിക സഹായം നല്‍കിയത് വളര്‍ച്ചക്ക് സഹായിച്ചു. ആളുകള്‍ കൂടിയതോടെ പള്ളിയില്‍ നിന്ന് പാണ്ടികശാലയിലേക്ക് നോമ്പുതുറയും അത്താഴവും മാറ്റി.

കടല്‍ കടന്നെത്തിയ കച്ചവടക്കാര്‍ വടകര വിട്ടതോടെ കമ്മിറ്റി പ്രയാസത്തിലായി. കുടാതെ രണ്ടാം ലോക മഹായുദ്ധാനന്തര ദാരിദ്ര്യം കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. അന്ന് ജില്ലാ മജിസ്ട്രറ്റായിരുന്ന സൈനുല്‍ ആബിദീന്‍ സര്‍ക്കാര്‍ റേഷനില്‍ നിന്ന് അരി, മൈദ, പഞ്ചസാര എന്നിവ അനുവദിച്ചു. വീണ്ടു സജീവമായി പ്രവര്‍ത്തിച്ച കമ്മിറ്റി സ്വന്തം കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി.