കതിരൂര്‍ മനോജ് വധക്കേസ് പ്രതികള്‍ക്ക് കൈയാമം; 16 പോലീസുകാര്‍ക്കെതിരെ നടപടി

Posted on: May 31, 2017 5:13 pm | Last updated: May 31, 2017 at 8:21 pm

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസ് പ്രതികളെ കൈയാമം വെച്ച് കോടതിയില്‍ ഹാജരാക്കിയതിന് 16 പോലീസുകാര്‍ക്കെതിരെ നടപടി. പ്രതികളെ സി ബി ഐ കോടതിയിലേക്ക് കൊണ്ടുപോയ കൊച്ചി സിറ്റി എആര്‍ ക്യാമ്പിലെ 15 പോലീസുകാര്‍ക്കും ഇവരെ ഡ്യൂട്ടിയില്‍ നിയമിച്ച ഗ്രേഡ് എസ് ഐക്കുമെതിരെയാണ് അച്ചടക്ക നടപടിയെടുത്തത്.

വിശദീകരണമാവശ്യപ്പെട്ട് എ ആര്‍ ക്യാമ്പ്് കമാന്‍ഡന്റ് ഇവര്‍ക്ക് മെമ്മോ നല്‍കി. മനുഷ്യാവകാശ ലംഘനം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരുന്നെന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് മെമ്മോ നല്‍കിയിരിക്കുന്നത്.

മനോജ് വധക്കേസ് വിചാരണക്കായി വ്യാഴാഴ്ചയാണ് ഇവരെ എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കിയത്. ആര്‍എസ്എസ് നേതാവ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി വിക്രമന്‍ അടക്കം 16 പേരാണ് റിമാന്‍ഡിലുള്ളത്. 2014 സെപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. ഗൂഢാലോചന കേസില്‍ പ്രതിയായ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ അടക്കം ഒമ്പത് പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.