Connect with us

National

വര്‍ത്തൂര്‍ തടാകം പതഞ്ഞുപൊങ്ങി; ഗതാഗതം താറുമാറായി

Published

|

Last Updated

വര്‍ത്തൂര്‍ തടാകത്തില്‍ നിന്നുള്ള പത റോഡിലെത്തിയപ്പോള്‍

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ സമീപനാളുകളിലായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ തടാകങ്ങള്‍ വീണ്ടും പതഞ്ഞുപൊങ്ങാന്‍ തുടങ്ങി. ബെലന്ദൂര്‍ തടാകത്തില്‍ ഇത് പതിവായതിന് പിന്നാലെയാണ് വര്‍ത്തൂര്‍ തടാകവും ഇന്നലെ പതഞ്ഞുപൊങ്ങിയത്. നുരഞ്ഞുപൊങ്ങിയ പത സമീപത്തെ റോഡുകളിലേക്കും വ്യാപിച്ചു. നുരഞ്ഞു പൊന്തുന്ന തടാകങ്ങള്‍ ബെംഗളൂരുവിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
വര്‍ത്തൂര്‍ തടാകത്തോട് ചേര്‍ന്നുള്ള വൈറ്റ് ഫില്‍ഡ് റോഡിലൂടെയുള്ള വാഹന ഗതാഗതം പത ഉയര്‍ന്ന് പൊങ്ങിയത് കാരണം താറുമാറായ നിലയിലാണ്. സമീപത്തെ വ്യവസായ ശാലകളില്‍ നിന്ന് പുറന്തള്ളുന്ന രാസമാലിന്യം കലര്‍ന്നതോടെയാണ് വര്‍ത്തൂര്‍ അടക്കം ബെംഗളൂരുവിലെ പല തടാകങ്ങളും പതഞ്ഞു പൊങ്ങാന്‍ തുടങ്ങിയത്.
തടാകത്തിലെ മലിനജലത്തിലുണ്ടാകുന്ന രാസപ്രവര്‍ത്തനത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ പത രൂപപ്പെടുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കനത്ത മഴക്ക് പിറകേ ശനിയാഴ്ച തന്നെ താടകം പതയാന്‍ തുടങ്ങിയിരുന്നുവെങ്കിലും ഇന്നലെയോടെ പത വ്യാപകമായെന്ന് പ്രദേശവാസികള്‍ പറയുന്നു. തടാകത്തില്‍ നിന്ന് പുറത്തേക്ക് വന്ന പത പിന്നീട് കാറ്റില്‍ പറന്ന് വാഹനങ്ങളിലും പ്രദേശത്തെ വീടുകളിലും ഫഌറ്റുകളിലുമെല്ലാം എത്തി തുടങ്ങിയത് ജനജീവിതത്തെ ദുസ്സഹമാക്കി.
വിഷമയമായ ഈ പത ദേഹത്ത് പതിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ശക്തമായ കാറ്റിനൊപ്പം പത സമീപത്തെ ആശുപത്രിയിലും ഷോപ്പിംഗ് മാളിനുള്ളിലുമെല്ലാം എത്തിയെന്ന് ജനങ്ങള്‍ പറയുന്നു.

ബെലന്ദൂര്‍, വര്‍ത്തൂര്‍ തടാകങ്ങള്‍ക്ക് പുറമേ സുബ്രഹ്മണ്യപുര തടാകവും പതഞ്ഞു പൊന്താന്‍ തുടങ്ങിയിട്ടുണ്ട്. രാസമാലിന്യങ്ങളുടെ സാന്നിധ്യമാണ് സുബ്രഹ്മണ്യപുര തടാകത്തെയും ഈ അവസ്ഥയിലെത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തടാകത്തില്‍ നിന്ന് പരിശോധനക്കായി വെള്ളം ശേഖരിച്ചു. ബെംഗളൂരു വാട്ടര്‍ സീവേജ് ബോര്‍ഡ് തടാകത്തിന് സമീപത്ത് സ്ഥാപിച്ച അഴുക്കുചാലാണ് തടാകത്തിലേക്ക് മാലിന്യം കലരാന്‍ കാരണമെന്നും ആരോപണമുണ്ട്.
ബെലന്ദൂര്‍ തടാകത്തിലേക്ക് രാസമാലിന്യം പുറംതള്ളുന്ന വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്. ഇതോടൊപ്പം വൈദ്യുതി ബന്ധം വിച്ഛേദിക്കാനും നിര്‍ദേശമുണ്ട്. ബെലന്ദൂര്‍ തടാക പരിസരത്ത് മൊത്തം 488 വ്യവസായ ശാലകളാണ് പ്രവര്‍ത്തിച്ച് വരുന്നത്. തടാക ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവനുസരിച്ചാണ് നവീകരണം നടക്കുന്നത്. ബെലന്ദൂര്‍ തടാകത്തിലെ തീപ്പിടിത്തവും പതഞ്ഞുപൊങ്ങുന്ന പ്രതിഭാസവും ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ഇതേക്കുറിച്ച് പഠിക്കാന്‍ യു കെ ഹൈക്കമ്മീഷന്‍ അംഗങ്ങള്‍ ബെംഗളൂരുവിലെത്തിയിരുന്നു. രാസമാലിന്യം കലര്‍ന്നതിനെ തുടര്‍ന്ന് പതഞ്ഞുപൊങ്ങിയ ബെലന്ദൂര്‍, വര്‍ത്തൂര്‍ തടാകങ്ങള്‍ നവീകരിക്കുന്നതിനും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും സര്‍ക്കാര്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കിട്ടുണ്ട്.
നഗരവികസന വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തടാകങ്ങളുടെ സംരക്ഷണത്തിന് സമിതി രൂപവത്കരിച്ചത്.

Latest