ബ്ലാസ്റ്റേഴ്‌സിന് ഹ്യൂസിന്റെ സേവനം നഷ്ടമാകും

Posted on: May 29, 2017 10:42 am | Last updated: May 29, 2017 at 10:38 am

ബെല്‍ഫസ്റ്റ്: ഐ എസ് എല്ലില്‍ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധക്കോട്ട കാക്കാന്‍ ആരോണ്‍ ഹ്യൂസ് വരില്ല. വടക്കന്‍ അയര്‍ലാന്‍ഡ് ടീം അംഗമായ ഹ്യൂസ് സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗിലെ ഒന്നാം ഡിവിഷന്‍ ക്ലബായ ഹാര്‍ട്ട് ഓഫ് മിഡ്‌ലൊത്തിയനുമായുള്ള കരാര്‍ നീട്ടിയതോടെയാണിത്.

ഈ ആഗസ്റ്റ് അഞ്ച് മുതല്‍ അടുത്ത വര്‍ഷം മെയ് വരെയാണ് സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗ് നടക്കുന്നത്. സ്‌കോട്ടിഷ് ലീഗില്‍ ഹാര്‍ട്ട് ഓഫ് മിഡ്‌ലൊത്തിയനുമായി ആറ് മാസത്തെ കരാറിലാണ് ഹ്യൂസ് ഒപ്പുവെച്ചത്. അടുത്ത സീസണില്‍ കൂടി കരാര്‍ നീട്ടാന്‍ ക്ലബ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തായിരുന്നു ഹാര്‍ട്ട് ഓഫ് മിഡ്‌ലൊത്തിയന്‍.
ഐ എസ് എല്‍ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കുന്നതില്‍ ഹ്യൂസ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പ്രതിരോധ നിരയില്‍ ഹ്യൂസിന്റെ മികച്ച പ്രകടനമാണ് പല മത്സരങ്ങളിലും കേരളത്തിന് രക്ഷയായത്. സീസണില്‍ 11 മത്സരങ്ങള്‍ കളിച്ച ഹ്യൂസ് ഒരു ഗോളും നേടി.
വടക്കന്‍ അയര്‍ലാന്‍ഡിനായി 104 മത്സരങ്ങള്‍ കളിച്ച ഹ്യൂസ് 46 മത്സരങ്ങളില്‍ ക്യാപ്റ്റനുമായിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 455 മത്സരങ്ങള്‍ കളിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉടമയായ ഹ്യൂസ് ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. ന്യൂകാസില്‍ യൂനൈറ്റഡ്, ആസ്റ്റണ്‍ വില്ല, ഹുള്‍ഹാം, ക്യൂന്‍സ്പാര്‍ക്ക് റെയ്‌ഞ്ചേഴ്‌സ്, മെല്‍ബണ്‍ സിറ്റി തുടങ്ങിയവയാണ് മറ്റ് ടീമുകള്‍.