ഡേകെയറുകളെ വിശ്വസിക്കാമോ?

Posted on: May 29, 2017 10:24 am | Last updated: May 29, 2017 at 10:24 am

കൊച്ചി പാലാരിവട്ടത്ത് ഡേ കെയറിലെ ഒന്നര വയസ്സുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തോടെ ഡേ കെയറുകളിലെ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. വീട്ടിലെത്തിയ കുട്ടികളുടെ ശരീരത്തിലെ മുറിപ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു ജീവനക്കാരി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തുവിട്ടതോടെ വിഷയം വ്യാപകമായ ചര്‍ച്ചക്ക് വിധേയമായി.

ഡേ കെയറിലെ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവം ഇതാദ്യത്തേതല്ല. ഇത്തരം സ്ഥാപനങ്ങളെക്കുറിച്ചു മുമ്പും പല പരാതികളും ഉയര്‍ന്നിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിലോ ഉറങ്ങുന്നതിലോ വൈമനസ്യം കാണിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് ഉടമയില്‍ നിന്നും ജീവനക്കാരില്‍ നിന്നും പീഡനമേക്കേണ്ടിവരുന്നു. ശീലക്കേട് കാണിക്കുന്ന കുഞ്ഞുങ്ങളെ ലഹരിപദാര്‍ഥങ്ങള്‍ നല്‍കി മയക്കുക പോലുമുണ്ടത്രേ. ആയമാരില്‍ നിന്ന് കുഞ്ഞുങ്ങള്‍ തെറികളും മോശം വാക്കുകളും കേള്‍ക്കുന്നതും വിരളമല്ല. പാലാരിവട്ടത്തെ ഡേ കെയറില്‍ ഉടമസ്ഥ സ്ഥിരമായി പിഞ്ചുകുട്ടികളെ മര്‍ദിച്ചിരുന്നതായും ഉറങ്ങാന്‍ മയക്കുമരുന്ന് നല്‍കിയിരുന്നതായും ജീവനക്കാരികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംസാരിക്കാന്‍ പ്രായമാകാത്ത കുഞ്ഞുങ്ങള്‍ വിവരം വീട്ടില്‍ പറയില്ലെന്ന ധൈര്യത്തിലായിരുന്നു ഇത്തരം ക്രൂരത. പുറത്താക്കപ്പെട്ട ആയ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നില്ലെങ്കില്‍ സ്ഥാപനത്തില്‍ നടക്കുന്ന ക്രൂരത ഇപ്പോഴും പുറം ലോകമറിയില്ലായിരുന്നു.

മാനസിക ശാരീരിക പീഡനം മാത്രമല്ല, ലൈംഗിക പീഡനവും ഏല്‍ക്കേണ്ടിവരാറുണ്ട് ഡേ കെയറിലെ ശിശുക്കള്‍ക്ക്. കഴിഞ്ഞ നവംബറില്‍ കാക്കനാട്ടെ ഒരു ഡേ കയറിലെ മൂന്ന് വയസ്സുകാരിയെ കാവല്‍ക്കാരന്‍ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നു. സാമ്പത്തികമായി ഉയര്‍ന്ന കുടുംബങ്ങള്‍ കുഞ്ഞുങ്ങളെ ഡേ കെയറില്‍ ഏല്‍പ്പിക്കുന്നതിന് പകരം വീട്ടില്‍ സ്വന്തമായി ആയമാരെ നിയമിക്കാറുണ്ട്. അവരുടെ കൈകളിലും കുട്ടികള്‍ സുരക്ഷിതമല്ല. ആയമാരുടെ ശ്രദ്ധയില്ലായ്മയില്‍ കുഞ്ഞുങ്ങള്‍ വീണ് പരിക്കേല്‍ക്കുകയും വെള്ളക്കെട്ടില്‍ വീണു മരിക്കുകയും ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ആയമാരോ ഡെ കെയര്‍ ജോലിക്കാരോ അല്ല കുഞ്ഞുങ്ങളെ ശ്രദ്ധിക്കേണ്ടതും പരിപാലിക്കേണ്ടതും; മാതാവ് തന്നെയാണ്. മറ്റുള്ളവരുടെ പരിചരണത്തില്‍ കുഞ്ഞുങ്ങള്‍ക്ക് മനഃസംതൃപ്തിയും സുരക്ഷിതബോധവും ലഭിക്കുകയിെല്ലന്നാണ് വിദഗ്ധരുടെ പക്ഷം. കുഞ്ഞിന്റെ ആദ്യത്തെ രണ്ട് വര്‍ഷങ്ങളില്‍ ലഭിക്കുന്ന സ്‌നേഹവും പരിചരണവും പിന്നീടുള്ള വളര്‍ച്ചയിലും വികാസത്തിലും വളരെ പ്രധാനമാണ്. ഈ കാലത്ത് പൂര്‍ണമായും മാതാവിന്റെ ലാളനിയിലും പരിചരണത്തിലുമാണ് അവര്‍ വളരേണ്ടത്. ആയമാരെയോ ഡേകെയറുകളെയോ കുഞ്ഞുങ്ങളുടെ പരിചരണം ഏല്‍പ്പിക്കുമ്പോള്‍ കുട്ടികളില്‍ അത് സൃഷ്ടിക്കുന്ന ഗുണദോഷങ്ങളെക്കുറിച്ചു പഠനം നടത്തിയ അമേരിക്കന്‍ ബാലചികിത്സാ അക്കാദമിയിലെ ഡോ. ജോസഫ് പറയുന്നത് ‘കുട്ടികളെ വളര്‍ത്താന്‍ പുറമെ നിന്ന് കിട്ടാവുന്ന ഏറ്റവും നല്ല ശിശുപരിപാലന സംവിധാനം ഉപയോഗപ്പെടുത്തിയാലും മാതാവില്‍ നിന്നും പിതാവില്‍ നിന്നും അവര്‍ക്ക് ആവശ്യമായ പരിചരണത്തിന് അത് പകരമാകില്ലെ’ന്നാണ്. കരയുകയോ ചിരിക്കുകയോ ചെയ്യാത്ത കുട്ടികളുടെ എണ്ണം അടുത്ത കാലത്തായി വര്‍ധിച്ചു വരുന്നതായി ശ്രദ്ധയില്‍പെട്ട മനഃശാസ്ത്ര വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ മാതാപിതാക്കളുമായുള്ള കുഞ്ഞുങ്ങളുടെ സമ്പര്‍ക്കക്കുറവാണ് കാരണമെന്നാണ് കണ്ടെത്തിയത്. ഡേ കെയര്‍ സെന്ററുകളിലെ ശിശുക്കള്‍ക്ക് അവരെ പരിചരിക്കുന്നവരോട് വേണ്ടത്ര ഇടപഴകാന്‍ അവസരം ലഭിക്കുന്നില്ല. മാതാവിന്റെ സാമീപ്യവും പരിചരണവും നല്‍കുന്ന സുരക്ഷിത ബോധവും സന്തോഷവും കുഞ്ഞുങ്ങള്‍ക്ക് മറ്റാരില്‍ നിന്നും ലഭിക്കില്ല. ആയമാരെ സംബന്ധിച്ചിടത്തോളം കേവല ജോലിയായതിനാല്‍ അത് യാന്ത്രികമായിരിക്കും. ഗര്‍ഭം ചുമന്നു പേറ്റുനോവ് സഹിച്ചു ഏറ്റുവാങ്ങിയ മാതാവിന് അത് വൈകാരികമായ അനുഭൂതിയാണ്. നിര്‍വൃതിയാണ് അതിലൂടെ മാതൃഹൃദയങ്ങള്‍ക്ക് ലഭ്യമാകുന്നത്.

അതേസമയം, സ്ത്രീകളില്‍ നല്ലൊരു വിഭാഗവും ജോലിക്ക് പോകുന്ന ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ കുട്ടികളുടെ പരിചണം ഒരു ചോദ്യചിഹ്നമാണ്. ഈ സാഹചര്യത്തില്‍ ഡേ കെയറുകളില്‍ സുരക്ഷ ഉറപ്പ് വരുത്താനുള്ള നിയമനിര്‍മാണവും നിരീക്ഷണ സംവിധാനങ്ങളും ആണ് പരിഹാരം. സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയും വേണം. നിലവില്‍ പല ഡേ കെയുറകളും അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണ്. കുഞ്ഞിനെ ഡേ കെയറില്‍ ഏല്‍പിക്കുന്ന മാതാപിതാക്കള്‍ സ്ഥാപനത്തിലെ ആയമാരുടെ സ്വഭാവഗുണവും വിശ്വാസ്യതയും സ്ഥാപനത്തില്‍ നിന്ന് തന്നെയാണ് ഭക്ഷണമെങ്കില്‍ അതിന്റെ വൃത്തിയും പോഷകഗുണവും ഉറപ്പ് വരുത്തേണ്ടതുണ്ട്. കുഞ്ഞ് ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കുന്നുണ്ടോ എന്നറിയാനുള്ള മാര്‍ഗവും വേണം. സംസ്ഥാനത്തെ ഡേ കെയറുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കുടത്ത നിയന്ത്രണവും പ്രവര്‍ത്തനങ്ങള്‍ക്ക് മാനദണ്ഡവും നിശ്ചയിക്കുമെന്ന് സാമൂഹികക്ഷേമ മന്ത്രി കെ കെ ശൈലജ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്.