Connect with us

Articles

'ഖുര്‍ആനായിരുന്നു നബി(സ)യുടെ സ്വഭാവം' പെരുമാറ്റത്തില്‍ പ്രവാചകനെ അനുകരിക്കുക

Published

|

Last Updated

ഖുര്‍ആന്‍ അവതരണമാരംഭിച്ച റമസാന്‍ മാസത്തില്‍ ആ ഗ്രന്ഥം വിഭാവനം ചെയ്യുന്ന സ്വഭാവശാസ്ത്രം പഠിക്കാന്‍ തിരുനബി(സ)യുടെ പെരുമാറ്റ രീതി തന്നെയാണ് നാം പരിശോധിക്കേണ്ടത്. എന്താണ് സല്‍സ്വഭാവം എന്ന ചോദ്യത്തിന് ഒരനുചരനോട് നബി (സ) പറഞ്ഞ മറുപടി ഒരു ഖുര്‍ആന്‍ സൂക്തമായിരുന്നു. “നീ വിട്ടുവീഴ്ച മുറുകെ പിടിക്കുക, നന്മ ഉപദേശിക്കുക, അറിവില്ലാത്തവരെ വിട്ട് (വിവരക്കേട് കൊണ്ട് തട്ടിക്കയറുമ്പോള്‍) തിരിഞ്ഞു കളയുക”. ഇതേ ചോദ്യമുന്നയിച്ച മറ്റൊരാളോടു പറഞ്ഞു. “നിന്നോട് ബന്ധ വിച്ഛേദം നടത്തിയവനോടും നീ ബന്ധം സ്ഥാപിക്കുക, നിനക്ക് അവകാശങ്ങള്‍ തടഞ്ഞവനും നീ കൊടുക്കുക, നിന്നെ ആക്രമിച്ചവനോട് നീ മാപ്പാക്കുക ഇതാണ് സല്‍സ്വഭാവം.”
വ്യക്തിത്വ വികസനം, കുടുംബ, സാമൂഹിക ജീവിതത്തിലെ സംതൃപ്തി, പഠന, സാമ്പത്തിക, ബിസിനസ് രംഗങ്ങളിലെ പുരോഗതി ഇവയെല്ലാം മികച്ച പെരുമാറ്റ രീതിയെ ആശ്രയിച്ചാണിരിക്കുന്നത്. ഇതിലുപരി പരലോക വിജയത്തിനുള്ള ഏറ്റവും നല്ല സമ്പാദ്യവും സല്‍സ്വഭാവം തന്നെയാണ്. “അന്ത്യ ദിനത്തില്‍ നന്മയുടെ തുലാസിന് ഏറ്റവുമധികം ഭാരം ലഭിക്കുന്നത് സല്‍സ്വഭാവം കൊണ്ടായിരിക്കും” (തുര്‍മുദി) എന്ന ഹദീസ് ഇതാണ് പഠിപ്പിക്കുന്നത്.

വിശുദ്ധ ഖുര്‍ആനിന്റെ സ്വഭാവശാസ്ത്രം ജീവിതരീതിയായി സ്വീകരിച്ച തിരുനബി (സ) യെ ഓര്‍ക്കുന്ന ഏതൊരു സ്വഹാബിയും പുഞ്ചിരിക്കുന്ന മുത്ത് നബിയെ മാത്രമാണ് മനസ്സില്‍ കാണുന്നത്. നബി(സ) എപ്പോഴും മന്ദസ്മിതനായിട്ടായിരുന്നു കാണപ്പെട്ടിരുന്നത്. പ്രസന്നവദനനായി നില്‍ക്കാന്‍ കഴിയുക എന്നത് ഒരാളുടെ വ്യക്തിത്വത്തിന്റെ ഉയര്‍ന്ന നിലവാരമാണ് സൂചിപ്പിക്കുന്നത്. “നിന്റെ സഹോദരനെ നോക്കിയുള്ള പുഞ്ചിരി ഒരു ദാനമാണ്”. എന്ന തിരുവചനവും കൂടി ഇതോടു ചേര്‍ത്തു ചിന്തിക്കുക.
നല്ല പെരുമാറ്റത്തിന്റെ ഉദാത്തമായൊരു രീതിയാണ് എല്ലാവരെയും പരിഗണിച്ച് പെരുമാറുക എന്നത്. ഉദാഹരണത്തിന് ഒരഞ്ചംഗ സംഘം റോഡില്‍ നില്‍ക്കുന്നു. അതില്‍ രണ്ടാള്‍ നമ്മുടെ പരിചയക്കാരാണ്. നാം അവരുടെ അടുത്തേക്ക് നീങ്ങി പരിചയക്കാരായ രണ്ടാള്‍ക്ക് കൈ കൊടുക്കുന്നു. അവരോട് മാത്രം സംസാരിക്കുന്നു. കൂടെയുള്ള മൂന്ന് പേരും കൈതരാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു. പക്ഷേ നാം അവരെ മൈന്‍ഡ് ചെയ്തില്ല. എത്രമാത്രം സംസ്‌കാര വിരുദ്ധമാണ് ഈ പെരുമാറ്റ രീതി. ഇത്തരം ഘട്ടങ്ങളില്‍ ആദ്യം അപരിചിതരെ പരിചയപ്പെട്ടുകൊണ്ടായിരിക്കണം നമ്മുടെ സംസാരം തുടങ്ങുന്നതു തന്നെ. നബി സവിധത്തിലെ സ്വഹാബികള്‍ പറയുന്നതിങ്ങനെ. “ഞങ്ങള്‍ നബിയുടെ സദസ്സിലിരുന്നാല്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കും തോന്നുക നബി (സ) എന്നെ നോക്കിയാണ് എല്ലാം പറയുന്നത് എന്നാണ്” ക്ലാസെടുക്കുന്ന പ്രൊഫസര്‍ മുന്‍ ബഞ്ചിലിരിക്കുന്നവരോടു മാത്രമോ ചില പഠിക്കാന്‍ മിടുക്കുള്ളവരെ മാത്രമോ നോക്കിയാകരുത് ക്ലാസെടുക്കുന്നത്.

മൂന്ന് പേരുള്ളപ്പോള്‍ ഒരാളെ മാറ്റി നിര്‍ത്തി സ്വകാര്യം പറയരുത്. മൂന്നാമന് മനസ്സിലാകാത്ത ഭാഷയില്‍ സംസാരിക്കുകയും ചെയ്യരുത്. കാരണം അതയാള്‍ക്ക് മനഃപ്രയാസമുണ്ടാക്കും. മാത്രമല്ല എന്നെപ്പറ്റിയാണോ ഇവര്‍ പറയുന്നത് എന്നു തോന്നാനും സാധ്യതയുണ്ട്.
ഇങ്ങോട്ട് മോശമായി പെരുമാറുന്നവരോടും അങ്ങോട്ട് മാന്യമായി പെരുമാറുന്ന മാതൃകയാണ് നബിയുടെത്. ഒരിക്കല്‍ നബി (സ)യും അനസ് (റ) ഉം ഒരു വഴിക്ക് നടന്നു പോകവെ അപരിഷ്‌കൃതനായ ഗ്രാമവാസി വന്നു നബി (സ)യുടെ കഴുത്തിലുണ്ടായിരുന്ന പുതപ്പ് പിടിച്ച് ശക്തിയായി ഒന്നു വലിച്ചു. നബി (സ)യുടെ കഴുത്തില്‍ അതിന്റെ പാട് വീണു. നബി (സ) യെ ആക്രമിക്കാനോ കൊല്ലാനോ ഉദ്ദേശിച്ചായിരുന്നില്ല ഈ പിടിവലി. സംഭാവന ചോദിക്കാനായിരുന്നു. അയാള്‍ പറഞ്ഞു. “അല്ലാഹു താങ്കള്‍ക്ക് നല്‍കിയ സമ്പത്തില്‍ നിന്ന് എനിക്കു വേണ്ടത് തരാന്‍ കല്‍പ്പിക്കുക”. സംഭാവന ചോദിച്ച ശൈലി ഓര്‍ത്തിട്ടാകണം നബി (സ) ഒന്നു പുഞ്ചിരിച്ചു. കൂടെയുള്ളവരോട് അയാള്‍ക്ക് വേണ്ടത് കൊടുക്കാന്‍ നിര്‍ദേശവും നല്‍കി. ഇത്തരം ഒരു സംഭാവനാ ചോദ്യം നമ്മോടായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവിടെ സംഭവിക്കുക. രണ്ട് പേരും ആശുപത്രിയില്‍ എത്തുമെന്നത് തീര്‍ച്ച. വിവരമില്ലാത്തവര്‍ അവരുടെ നിലവാരത്തിനനുസരിച്ച് പെരുമാറുമ്പോള്‍ അറിവുള്ളവര്‍ വിവരക്കേട് ചെയ്യരുത്. ഇതാണ് “അറിവില്ലാത്തവരെത്തൊട്ട് തിരിഞ്ഞുകളയുക” എന്ന ഖുര്‍ആന്‍ വചനത്തിന്റെ പൊരുള്‍.

സമ്പന്നര്‍, നേതാക്കള്‍, മന്ത്രിമാര്‍, ഉന്നത പണ്ഡിതര്‍, ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയ ഉന്നതരുമായി ബന്ധം സ്ഥാപിക്കാന്‍ മാത്രമാണ് നമ്മില്‍ പലര്‍ക്കും താത്പര്യം. പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും പാവപ്പെട്ടവരെയും കണ്ടില്ലെന്നു നടിക്കുന്നവരും, അവരെ നിസ്സാരപ്പെടുത്തുന്നവരുമായി നാം മാറരുത്.
മദീനയിലെ മസ്ജിദ് അങ്കണം അടിച്ചു വൃത്തിയാക്കിയിരുന്ന ഒരു പാവം സ്ത്രീയുണ്ടായിരുന്നു. അവര്‍ മരണപ്പെട്ടപ്പോള്‍ ബന്ധപ്പെട്ടവര്‍ നബി (സ)യെ വിവരമറിയിക്കാതെ അവരെ മറമാടി. പിന്നീട് അവര്‍ മരിച്ച വിവരമറിഞ്ഞപ്പോള്‍ നബി (സ) ബന്ധുക്കളെ ശകാരിക്കുകയും അവരുടെ ഖബര്‍ കാണിച്ചു തരാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ആ ഖബറിടത്തില്‍ ചെന്ന് മയ്യിത്ത് നിസ്‌കരിക്കുകയും അവര്‍ക്ക് വേണ്ടി ദീര്‍ഘമായി പ്രാര്‍ഥിക്കുകയും ചെയ്തു. നാട്ടില്‍ ഉന്നതര്‍ക്ക് രോഗം ബാധിച്ചാലും, മരണം സംഭവിച്ചാലും അവിടെ നിറഞ്ഞു നില്‍ക്കുന്ന പലരും പാവപ്പെട്ടവന്റെ മരണവാര്‍ത്ത കേട്ടാല്‍ “അവന്‍ ഇപ്പോള്‍ മരിക്കുന്നേയുള്ളൂ” എന്ന തരത്തിലാണ് പ്രതികരിക്കുക.

ഗ്രാമവാസിയായിരുന്നു സാഹിര്‍ (റ) എന്ന സ്വഹാബി. മലഞ്ചരക്കുകളും കാട്ടു മരുന്നുകളും ശേഖരിച്ച് ചന്തയില്‍ കൊണ്ടു വന്നു കച്ചവടം ചെയ്യും. ഇതിനായി വരുമ്പോള്‍ നബി (സ) യെ വീട്ടില്‍ വന്നു സന്ദര്‍ശിക്കും. ഒരിക്കല്‍ വീട്ടിലെത്തിയപ്പോള്‍ മുത്ത് നബി (സ) അവിടെ ഉണ്ടായിരുന്നില്ല. പിന്നീട് വീടണഞ്ഞ നബിയോട് ബീവി ആഇശ (റ) സാഹിര്‍ (റ) വന്ന കാര്യം ഉണര്‍ത്തി. നബി (സ) ഉടനെ സാഹിറിനെ കാണാന്‍ ചന്തയിലേക്ക് പുറപ്പെടുന്നു. പൊരിവെയിലില്‍ വിയര്‍പ്പില്‍ കുളിച്ച് സാഹിര്‍ (റ) പൊരിഞ്ഞ കച്ചവടത്തിലാണ്. പിന്നാലെ പതുങ്ങിച്ചെന്ന് കണ്ണുകള്‍ രണ്ടും പൊത്തിപ്പിടിച്ചുകൊണ്ട് നബി (സ) ഒരു തമാശ പൊട്ടിച്ചു. “ഈ അടിമയെ ആര്‍ക്കുവേണം”. ശബ്ദം കേട്ട് നബി (സ) യാണെന്ന് തിരിച്ചറിഞ്ഞ സാഹിര്‍ തന്റെ ശരീരം ആ റഹ്മത്താക്കപ്പെട്ട ശരീരത്തില്‍ ഉരസിക്കൊണ്ട് പറഞ്ഞു. “നബിയേ ഈ അടിമ തീരെ വില കുറഞ്ഞവനാണ്.” അപ്പോള്‍ പിടിവിട്ടുകൊണ്ട് മുത്ത്‌നബി (സ) പറഞ്ഞു. “അല്ല സാഹിര്‍ താങ്കള്‍ അല്ലാഹുവിങ്കല്‍ വലിയ വിലയുള്ളയാളാണ്.” ഈ ഹൃദ്യമായ പെരുമാറ്റ ശാസ്ത്രത്തെ വാക്കുകള്‍ കൊണ്ട് വ്യാഖ്യാനിക്കാനാവാത്തതുകൊണ്ട് തന്നെയായിരിക്കണം ബുദ്ധിമതിയായ ബീവി ആഇശ (റ) നബിയുടെ സ്വഭാവം ഖുര്‍ആനായിരുന്നു എന്ന ഒറ്റവരി പ്രസ്താവന നടത്തിയത്.

---- facebook comment plugin here -----

Latest