ശ്രീലങ്കയില്‍ ശക്തമായ പേമാരി; 55 മരണം

Posted on: May 26, 2017 11:09 pm | Last updated: May 27, 2017 at 10:14 am

കൊളംബോ: ശ്രീലങ്കയില്‍ പേമാരിയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 55ലധികം പേര്‍ മരിച്ചതായും 40 ലധികം പേരെ കാണാതായതായും റിപ്പോര്‍ട്ട്. തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യകളിലെ 2,811 കുടുംബങ്ങളിലുള്ള 7,856 പേരെ പേമാരി ബാധിച്ചതായി ദുരന്തനിവാരണ കേന്ദ്രത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം മുതല്‍ രാജ്യത്തെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. ദുരന്തത്തെത്തുടര്‍ന്ന് 42 പേരെ കാണാതായിട്ടുണ്ട്. രത്‌നപുര ജില്ലയില്‍ മാത്രം പത്ത് മരണങ്ങളാണ് നടന്നത്. ഇതില്‍ ഒമ്പത് പേരും കലുതരയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമാണ് മരിച്ചതെന്ന് ദുരന്തനിവാരണ കേന്ദ്രം പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗല്ലി ജില്ലയെയാണ് പ്രകൃതി ദുരന്തം ഏറെ ബാധിച്ചത്. ഇവിടെ 7,157 പേരാണ് ദുരിതമനുഭവിക്കുന്നത്. മരണ സംഖ്യ 55 കവിഞ്ഞതായും ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. കലുതര ജില്ലയില്‍ മാത്രം 38 പേര്‍ മരിച്ചതായി ജില്ലാ സെക്രട്ടറിയേറ് ഫീല്‍ഡ് ഓഫീസര്‍ പറഞ്ഞു. കനത്ത മഴ തുടരാനുള്ള സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും മാറിത്താമസിക്കാന്‍ ജനങ്ങളോട് അധികൃതര്‍ നിര്‍ദേശിച്ചു. ശ്രീലങ്കന്‍ വ്യോമ സേനയും നാവിക സേനയും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഒറ്റപ്പെട്ടുപോയവരെ ഹെലികോപ്റ്ററുകളിലും ബോട്ടുകളിലുമായി പുറത്തെത്തിക്കുന്നുണ്ട്. കഴിഞ്ഞ മഴക്കാലത്ത് രാജ്യത്തുണ്ടായ മണ്ണിടിച്ചിലില്‍ നൂറിലധികം പേര്‍ മരിച്ചിരുന്നു.