Malappuram
കേരള മുസ്‌ലിം ജമാഅത്ത് റമസാന്‍ ക്യാമ്പയിന് തുടക്കമായി

മലപ്പുറം: “റമസാന്‍ വിശ്വാസിയുടെ വിളവെടുപ്പു കാലം” എന്ന ശീര്‍ഷകത്തില്‍ കേരള മുസ്്‌ലിം ജമാഅത്ത് ആചരിക്കുന്ന റമസാന്‍ ക്യാമ്പയിന് തുടക്കമായി. കേരള മുസ്്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. റമസാനില്‍ ആത്മ വിശുദ്ധിയോടൊപ്പം വ്യക്തി, പരിസര ശുചിത്വവും കാത്തു സൂക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗം കുറക്കണമെന്നും ഇഫ്താര്‍ സംഗമങ്ങളിലും മറ്റും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ ആദ്യപടിയായി ജില്ലാ ശുചിത്വ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ സൈനുദ്ദീന്‍ ചടങ്ങില്‍ സ്റ്റീല്‍ ഗ്ലാസുകളില്‍ ചായ വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ഭരണകൂടം മുന്നോട്ട് വെച്ച ആശയം നടപ്പാക്കുന്നതിന് ഇത് മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
വിപുലമായ പദ്ധതികളാണ് റമസാന്‍ ക്യാമ്പയിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്. റിലീഫ്, സാന്ത്വനം, രോഗി സന്ദര്‍ശനം, ഇഫ്താര്‍ സംഗമങ്ങള്‍, ഖുര്‍ആന്‍ പഠന ക്ലാസുകള്‍, മത വിജ്ഞാന വേദികള്‍, ഡ്രൈവേഴ്‌സ് സംഗമം, ബദര്‍ സ്്മൃതി തുടങ്ങിയവ ക്യാമ്പയിന്‍ കാലയളവില്‍ നടക്കും.
മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്്മാന്‍ ഫൈസി, ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുഹാജി വേങ്ങര, ജില്ലാ ജനറല്‍ സെക്രട്ടറി എം അബ്ദുര്‍റഹ്മാന്‍ ഹാജി, ഫിനാന്‍സ് സെക്രട്ടറി സയ്യിദ് ഹബീബ്‌കോയ തങ്ങള്‍, സമസ്ത ജില്ലാ മുശാവറ അംഗങ്ങളായ ടി ടി മഹ്മൂദ് ഫൈസി, മുഹമ്മദ് മുസ്‌ലിയാര്‍ പറപ്പൂര്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, സി കെ യു മൗലവി മോങ്ങം സംബന്ധിച്ചു. ജില്ലാ സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ സ്വാഗതവും ബശീര്‍ ഹാജി പടിക്കല്‍ നന്ദിയും പറഞ്ഞു.