Connect with us

International

മാഞ്ചസ്റ്റര്‍ ദുരന്തം: നടുക്കം രേഖപ്പെടുത്തി ലോക നേതാക്കള്‍

Published

|

Last Updated

ലണ്ടന്‍: മാഞ്ചസ്റ്റര്‍ ദുരന്തത്തില്‍ ലോക നേതാക്കള്‍ നടുക്കം രേഖപ്പെടുത്തി. ലോകത്തിന്റെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്ന് ഭീകരാക്രമണത്തിന് വേദിയായപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനുശോചന സന്ദേശം ബ്രിട്ടനിലേക്കെത്തി. ഇസ്‌റാഈല്‍ – ഫലസ്തീന്‍ സന്ദര്‍ശനത്തിനിടെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ക്രൂരമായി പരുക്കേറ്റവര്‍ക്കും ആഗാതമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ട്രംപ് തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി. ദുഷിച്ച പ്രത്യയശാസ്ത്രമാണ് ആക്രമണത്തിന്റെ ഉത്തരവാദികളെന്നും അത്തരം ആശയക്കാരെ പൂര്‍ണമായും നശിപ്പിച്ച് നിഷ്‌കളങ്കരായ ജനങ്ങളെ സംരക്ഷിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ബ്രിട്ടനൊപ്പം തീവ്രവാദികള്‍ക്കെതിരെ പോരാടുമെന്നും കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു. മനുഷ്യത്വവിരുദ്ധമായ ആക്രമണമാണിതെന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ പ്രതികരണം. ആക്രമണത്തിന്റെ ആസൂത്രകരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയില്‍ തീവ്രവാദം വളര്‍ത്തുകയും ഇത്തരം ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ ഒത്തൊരുമിച്ചുള്ള പ്രയത്‌നം ആവശ്യപ്പെട്ടാണ് ജര്‍മന്‍ ചാന്‍സലര്‍ അഞ്ചേല മെര്‍കല്‍ തന്റെ സന്ദേശം അയച്ചത്. ഏറെ ദുഃഖകരമായ ഈ സമയത്ത് ബ്രിട്ടീഷ് ജനതക്കൊപ്പം നില്‍ക്കുന്നുവെന്ന് ചൈനീസ് പ്രസിഡന്റ് ജിന്‍ പിംഗ് പ്രതികരിച്ചു. ജപ്പാന്‍, ഇസ്‌റാഈല്‍, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികള്‍ സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി.

Latest