കാല്‍നടയാത്രക്കാരുടെ നിയമലംഘനം; പിഴ ഇരട്ടിയാക്കി

Posted on: May 22, 2017 10:10 pm | Last updated: May 22, 2017 at 9:51 pm
SHARE

അബുദാബി: നിയമം ലംഘിച്ച് റോഡ് മുറിച്ചുകടക്കുന്നവര്‍ക്കുള്ള പിഴ ഇരട്ടിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് നിലവില്‍ 200 ദിര്‍ഹമാണ് പിഴ. ജൂണ്‍ 15 മുതല്‍ 400 ദിര്‍ഹമായിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
കാല്‍നടയാത്രക്കാരുടെ നിയമലംഘനത്തിനുള്ള ശിക്ഷ പുതിയ നിയമത്തില്‍ ഉള്‍പെടുത്തിയതായി ആഭ്യന്തരവൃത്തങ്ങള്‍ വ്യക്തമാക്കി. സിഗ്‌നലുകളില്‍ പച്ചവെളിച്ചം തെളിയുന്നതിന് മുമ്പ് റോഡ് മുറിച്ചുകടക്കുന്നവര്‍ക്കും ഇറങ്ങുന്നവര്‍ക്കും പിഴ 400 ദിര്‍ഹമായിരിക്കും. കരുതല്‍ ഇല്ലാതെ അസ്ഥാനത്ത് മുറിച്ചുകടക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം വാഹനം തട്ടിയ 1,119 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കേസുകളില്‍ ആറര ശതമാനം വര്‍ധനവുണ്ടായി. ചുവപ്പ് സിഗ്‌നല്‍ പരിഗണിക്കാതെ നിരത്തില്‍ ഇറങ്ങി ഓടുന്നതും കാല്‍നടക്കാര്‍ക്ക് മുന്‍ഗണന നല്‍കാന്‍ വാഹനമോടിക്കുന്നവര്‍ വിമുഖത കാട്ടുന്നതും അപകടങ്ങളുടെ എണ്ണം കൂട്ടി. തിരക്കുള്ള റോഡുകളില്‍പോലും ആളുകള്‍ കുറുകെ കടന്ന് അപകടങ്ങള്‍ ഉണ്ടാക്കി.

അബുദാബിയില്‍ ട്രാഫിക് നിയമം തെറ്റിച്ച് റോഡ് മുറിച്ചുകടന്ന 1,0369 കേസുകള്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ മാത്രം പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമം ശക്തമാക്കി ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനാണ് ആഭ്യന്തര മന്ത്രാലയ തീരുമാനം. കാല്‍നടയാത്രക്കാരെ പരിഗണിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്കും പിഴശിക്ഷയും ബ്ലാക്മാര്‍ക്കും കൂട്ടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here