ദുബൈ ഹോളി ഖുര്‍ആന്‍ റമസാന്‍ പ്രഭാഷണം: പൊന്മളയും ഖലീല്‍ തങ്ങളും അതിഥികള്‍

Posted on: May 22, 2017 9:45 pm | Last updated: May 22, 2017 at 9:45 pm

ദുബൈ: 21-ാമത് ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡിലെ മലയാള പ്രഭാഷണങ്ങള്‍ക്ക് ഈ മാസം 31ന് തുടക്കമാകും. മുന്‍വര്‍ഷങ്ങളെ പോലെ ദുബൈ മര്‍കസിനും ദുബൈ സഅദിയ്യക്കും ഈ വര്‍ഷവും പരിപാടിയില്‍ പ്രാതിനിധ്യമുണ്ടാകും. മര്‍കസിനെ പ്രതിനിധീകരിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും സഅദിയ്യയെ പ്രതിനിധീകരിച്ച് കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മലപ്പുറം മഅ്ദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരിയും പ്രഭാഷണം നടത്തും.

ഊദ് മേത്തയില്‍ അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡ് ഓഡിറ്റോറിയമാണ് ഈ വര്‍ഷത്തെ മലയാള പ്രഭാഷണങ്ങളുടെ വേദി. ഈ മാസം 31ന് ബുധനാഴ്ചയാണ് ആദ്യ പ്രഭാഷണം. ‘സന്തുലിത സമൂഹത്തിന് ഖുര്‍ആനിക ദര്‍ശനം’ എന്ന വിഷയത്തില്‍ ആദ്യ ദിനത്തില്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി പ്രഭാഷണം നടത്തും. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ‘ഖുര്‍ആന്‍ നന്മയുടെ കവാടം’ എന്ന വിഷയത്തില്‍ ജൂണ്‍ മൂന്ന് ശനിയാഴ്ചയും പ്രഭാഷണം നടത്തും.
പ്രഭാഷണ പരിപാടികള്‍ വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങള്‍ മര്‍കസ്, സഅദിയ്യ കേന്ദ്രീകരിച്ച് ആരംഭിച്ചുകഴിഞ്ഞു. ഐ സി എഫ്, ആര്‍ എസ് സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപീകരിച്ചാണ് പരിപാടിയുടെ വിജയത്തിനുള്ള മൂന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ഈ വര്‍ഷത്തെ പ്രഭാഷണ പരിപാടിയില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സിംസാറുല്‍ ഹഖ് ഹുദവി, എം എം അക്ബര്‍, ഹുസൈന്‍ സലഫി, സുബൈര്‍ പീടിയേക്കല്‍ തുടങ്ങിയവരും പ്രഭാഷണത്തിനെത്തുന്നുണ്ട്. മലയാള പ്രഭാഷണങ്ങള്‍ ജൂണ്‍ ഒന്‍പതിന് സമാപിക്കും.