എ പി ജെക്ക് നാസയുടെ ആദരവ്; ബാക്ടീരിയക്ക് കലാമിന്റെ പേര്

Posted on: May 22, 2017 11:11 am | Last updated: May 22, 2017 at 3:15 pm

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കണ്ടത്തിയ അപൂര്‍വയിനം ബാക്ടീരിയക്ക് മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ.എ പി ജെ അബ്ദുല്‍ കലാമിന്റെ പേര് നല്‍കി നാസയുടെ ആദരം. സോലിബേസില്ലസ് കലാമീ എന്നാണ് നാസ പുതിയ ബാക്ടീരിയക്ക് നല്‍കിയ നാമം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണശാലയിലാണ് ബാക്ടീരിയയെ കണ്ടെത്തിയത്. ഗ്രഹങ്ങള്‍ക്കിടയിലെ സഞ്ചാരത്തെക്കുറിച്ച് പഠിക്കുന്ന പരീക്ഷണ ശാലയാണിത്. ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ബഹിരാകാശ നിലയത്തില്‍ ഭൂമിയിലില്ലാത്ത ധാരാളം ബാക്ടീരിയയെ കണ്ടെത്താറുണ്ട്.
ബാക്ടീരിയയെ കണ്ടെത്തിയ കാര്യം ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ഡോ.കസ്തൂരി വെങ്കിട്ടേശ്വരനാണ് വെളിപ്പെടുത്തിയത്. 1963ല്‍ നാസയില്‍ നിന്നും കലാം പരിശീലനം നേടിയിട്ടുണ്ട്. കലാം ബഹിരാകാശ രംഗത്ത് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ആദരസൂചകമായി പേരിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.