കപില്‍ മിശ്രക്ക് മറുപടിയായി കെജിരിവാള്‍

Posted on: May 22, 2017 10:45 am | Last updated: May 23, 2017 at 10:19 am

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി മുന്‍ മന്ത്രി കപില്‍ മിശ്രയുടെ അഴിമതി ആരോപണത്തിന് മറുപടിയുമായി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. കപില്‍ മിശ്ര ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ്‌കെജ്‌രിവാള്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും വിശ്വസിക്കാത്ത ആരോപണങ്ങളാണ് കപില്‍ ഉന്നയിച്ചിരിക്കുന്നത്. അവയില്‍ ഏതെങ്കിലും ഒന്ന് ശരിയായിരുന്നെങ്കില്‍ താനിപ്പോള്‍ ജയിലിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ സംസ്ഥാനതല കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് അരവിന്ദ് കെജ്‌രിവാള്‍ കപില്‍ മിശ്രയുടെ ആരോപണങ്ങളെ പ്രതിരോധിച്ചത്. നമ്മുടെ നടപടികള്‍ കുറച്ചുദിവസങ്ങളായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ട് എന്നാണ് ഇത്‌വ്യക്തമാക്കുന്നത്. ആരോപണത്തില്‍ സത്യത്തിെന്റ ഒരു കണികയെങ്കിലുമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ജയിലിലായിരിക്കും. ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്ക് എന്ത് മറുപടി നല്‍കാനാണ്. ജനങ്ങള്‍ ഇത് വിശ്വസിക്കില്ല. എതിര്‍ പാര്‍ട്ടിക്കാര്‍ പോലും വിശ്വസിക്കില്ലെന്നും കെജ്‌രിവള്‍ കൂട്ടിച്ചേര്‍ത്തു.