കുല്‍ഭൂഷണ്‍ ജാദവ് കസബിനേക്കാള്‍ വലിയ ഭീകരന്‍: മുശ്‌റഫ്

Posted on: May 20, 2017 12:11 pm | Last updated: May 20, 2017 at 1:23 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ വധശിക്ഷക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് അജ്മല്‍ അമീര്‍ കസബിനേക്കാള്‍ വലിയ ഭീകരനാണെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേശ് മുശര്‍റഫ്. ”ചതുരംഗത്തിലെ കാലാള്‍ മാത്രമായിരുന്നു കസബ്. എന്നാല്‍ ഭീകരവാദം വളര്‍ത്തി ആളുകളെ കൊല്ലിക്കാനുള്ള പ്രവര്‍ത്തികളാണ് ജാദവ് ആസൂത്രണം ചെയ്തത്”- പാക് പട്ടാള മുന്‍ മേധാവി കൂടിയായ മുശര്‍റഫ് ആരോപിച്ചു. 164 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ആക്രമക്കേസില്‍ ഇന്ത്യ തൂക്കിലേറ്റിയ പാക് ഭീകരനാണ് അജ്മല്‍ കസബ്.
കുല്‍ഭൂഷണ്‍ ജാദവിന് പാക് കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തിരുന്നു. 2003 വരെ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കഴിഞ്ഞ മാര്‍ച്ചില്‍ ഇറാന്‍ അതിര്‍ത്തിയില്‍ വ്യാപാര ആവശ്യത്തിനെത്തിയപ്പോഴാണ് പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോയി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാക് പട്ടാളക്കോടതി വധശിക്ഷക്ക് വിധിക്കുകയായിരുന്നു.