വാര്‍ഡിനോട് അവഗണന: ലീഗ് വനിതാ മെമ്പര്‍ രാജിക്കൊരുങ്ങി

Posted on: May 16, 2017 12:30 pm | Last updated: May 16, 2017 at 12:11 pm

മഞ്ചേരി: വാര്‍ഡിനോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് അരീക്കോട് പഞ്ചായത്ത് മുസ്ലിംലീഗ് പ്രതിനിധിയായ വനിതാ അംഗം രാജി കത്ത് നല്‍കി. 15-ാം വാര്‍ഡ് താഴത്തുമുറി മെമ്പറായ സെറീനയാണ് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. സെക്രട്ടറിയുടെ മുറിയിലെത്തിയ സെലീനയുടെ കൈയില്‍ നിന്ന് ലീഗ് നേതാവ് രാജികത്ത് ബലമായി പിടിച്ച് വാങ്ങി നശിപ്പിച്ചതായി അറിയുന്നു. കഴിഞ്ഞ ദിവസം നടന്ന ബോര്‍ഡ് യോഗത്തില്‍ നിന്ന് സെലീന ഇറങ്ങി പോയിരുന്നു. 2017-18 വര്‍ഷത്തെ പദ്ധതികള്‍ രൂപീകരിക്കേണ്ടതിലേക്ക് വാര്‍ഡ് ഗ്രാമസഭ തീരുമാനിച്ച പ്രകാരമുള്ള പ്രവൃത്തികളും മറ്റും തന്റെ ലെറ്റര്‍പാഡില്‍ പഞ്ചായത്ത് പ്രസിഡന്റിന് നേരിട്ട് എഴുതിക്കൊടുത്തിരുന്നു. എന്നാല്‍ അന്തിമ പദ്ധതി വന്നപ്പോള്‍ ഗ്രാമസഭ തീരുമാനിച്ച ഒരു പ്രവൃത്തിയും അംഗീകരിക്കാന്‍ ഭരണ സമിതി തയ്യാറായില്ല. ഗ്രാമസഭ തീരുമാനിക്കാത്ത പ്രവൃത്തികളാണ് അംഗീകരിച്ചത്. പ്രസിഡന്റിന്റെ ധിക്കാരപരമായ സമീപനവും വാര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ സെറീനക്ക് വളരെ പ്രയാസമുണ്ടാക്കിയതായി അംഗങ്ങള്‍ ആരോപിക്കുന്നു.

ഇതേ തുടര്‍ന്നാണ് രാജിവെക്കാന്‍ തീരുമാനിച്ചത്. വാര്‍ഡ് പ്രതിനിധിയായ തന്നോട് ചോദിക്കുക പോലും ചെയ്യാതെ പദ്ധതികള്‍ വന്നത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ ഉള്‍പ്പെടെയുള്ളവരോട് ചോദിച്ചപ്പോള്‍ പാര്‍ടി നല്‍കുന്ന പദ്ധതികള്‍ മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂവെന്ന ധിക്കാരപരമായ മറുപടിയാണ് ലഭിച്ചതത്രേ. പദ്ധതികളും ഫണ്ടുകളുമെല്ലാം വരുമ്പോള്‍ പാര്‍ട്ടിയിലെ ചില മെമ്പര്‍മാരാണ് കൈകാര്യം ചെയ്യുന്നതെന്നും അവരുടെ വാര്‍ഡുകളിലാണ് വികസനം നടക്കുന്നതെന്നുമായിരുന്നു ഭരണസമിതി അംഗങ്ങളുടെ പ്രതികരണമെന്നും ആരോപണമുണ്ട്.
ഭരണസമിതിയിലെ ക്രമക്കേടുകള്‍ക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ വനിതാ അംഗം തന്നെ രംഗത്ത് വരികയും മെമ്പര്‍സ്ഥാനം രാജിവെക്കാന്‍ തയ്യാറാകുകയും ചെയ്ത സാഹചര്യത്തില്‍ മുസ്ലിംലീഗ് നേതൃത്വം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.