കേരളത്തിലും സൈബര്‍ ആക്രമണം; വയനാട്ടിലും പത്തനംതിട്ടയിലും കമ്പ്യൂട്ടറുകള്‍ തകരാറിലായി

Posted on: May 15, 2017 12:54 pm | Last updated: May 15, 2017 at 4:40 pm

കല്‍പ്പറ്റ: സൈബര്‍ സുരക്ഷാരംഗത്ത് വന്‍ ഭീഷണി സൃഷ്ടിച്ച റാന്‍സംവെയര്‍ മാല്‍വെയര്‍ ആക്രമണം കേരളത്തിലും. വയനാട്ടിലും പത്തനംതിട്ടയിലുമാണ് ആക്രമണമുണ്ടായത്. വയനാട് തരിയോട് പഞ്ചായത്തിലെ നാല് കമ്പ്യൂട്ടറുകളിലാണ് വാനൈക്രൈ വൈറസ് ബാധിച്ചത്.

അവധിദിവസമായ ഞായറാഴ്ച കഴിഞ്ഞ് ഇന്ന് ഡ്യുട്ടിക്കെത്തിയ ജീവനക്കാര്‍ തുറന്ന് നോക്കിയപ്പോഴാണ് വാനാക്രൈ മാല്‍വേറുകള്‍ ഫയലുകള്‍ ലോക്ക് ചെയ്തതായികണ്ടത്. രണ്ട് മണിക്കൂറിനകം പണമടച്ചില്ലെങ്കില്‍ ഫയലുകള്‍ നശിപ്പിക്കപ്പെടുമെന്ന സന്ദേശമാണ് കമ്പ്യൂട്ടറില്‍ തെളിയുന്നത്. മറ്റ് കമ്പ്യൂട്ടറുകളിലെ ഫയലുകള്‍ സുരക്ഷിതമാക്കാന്‍ ശ്രമം നടന്നുവരികയാണ്.

പത്തനംതിട്ടയിലെ കോന്നി കരുവാപ്പുലം പഞ്ചായത്തിലെ കമ്പ്യൂട്ടറുകളിലാണ് വൈറസ് ബാധയുണ്ടായത്. ഫയലുകള്‍ മാറ്റാന്‍ 300 ഡോളര്‍ മൂല്യം വരുന്ന ബിറ്റ്‌കോയിനാണ് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച രാവിലെ മുതലാണ് കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമായിരിക്കുന്നത്.

ലോക മെമ്പാടും വ്യാപിച്ച വൈറസ് ആക്രമണത്തില്‍ 150 രാജ്യങ്ങളിലെ രണ്ട് ലക്ഷത്തില്‍പ്പരം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമായെന്നാണ് റിപ്പോര്‍ട്ടുകള്‍.