ജസ്റ്റിസ് കര്‍ണന് തിരിച്ചടി; മാപ്പപേക്ഷ സുപ്രീം കോടതി തള്ളി

Posted on: May 12, 2017 3:51 pm | Last updated: May 13, 2017 at 5:13 pm

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ആറ് മാസത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്റെ മാപ്പപേക്ഷ സുപ്രീം കോടതി തള്ളി. നിരുപാധികം മാപ്പ് പറയാമെന്ന് ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകന്‍ പറഞ്ഞെങ്കിലും കോടതി അംഗീകരിച്ചില്ല. അതേസമയം, തടവ് ശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

കര്‍ണന്‍ ഒളിവിലല്ലെന്നും ചെന്നൈയില്‍ തന്നെയുണ്ടെന്നും കര്‍ണന് വേണ്ടി ഹാജരായ അഭിഭാഷകര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കര്‍ണന്‍ രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണന്റെ അഭിഭാഷകന്‍ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്. കഴിഞ്ഞ ഒമ്പതിനാണ് സുപ്രീംകോടതി ജസ്റ്റിസ് കര്‍ണന് കോടതിയലക്ഷ്യകേസില്‍ ആറ് മാസം തടവ് ശിക്ഷ വിധിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കം ഏഴ് ന്യായാധിപന്മാര്‍ക്ക് അഞ്ച് വര്‍ഷം വീതം തടവ് വിധിച്ചതടക്കമുള്ള കര്‍ണന്റെ ഉത്തരവുകളാണ് കോടതിയലക്ഷ്യ കേസിന് അധാരമായത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരെ അഴിമതി ആരോപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് കത്തയച്ചതിനാണ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്.