പത്ത് മാസത്തിനിടെ കാണാതായത് 142 കുട്ടികളെ

Posted on: May 11, 2017 8:44 am | Last updated: May 11, 2017 at 11:45 pm

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 142 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 22 കേസുകളാണ് തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട്-18, കാസര്‍കോഡ്- 15, കൊല്ലം, എറണാകുളം ജില്ലകളില്‍ നിന്ന് 14 വീതവും തൃശൂരില്‍ നിന്ന് 11 പരാതികളും ലഭിച്ചു. കേസുകളുമായി ബന്ധപ്പെട്ട് 165 പേരെ അറസ്റ്റ് ചെയ്തു.

തട്ടിക്കൊണ്ടുപോയ കുട്ടികളില്‍ ഒരു കുട്ടിയെ ഇനിയും കണ്ടെത്താനുണ്ട്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 1671 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്്. കേസുകളുമായി ബന്ധപ്പെട്ട് 1627 പേരെ അറസ്റ്റ് ചെയ്തു. ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് എറണാകുളത്തു നിന്നുമാണ്. 224 കുട്ടികളാണ് എറണാകുളത്ത് പീഡിപ്പിക്കപ്പെട്ടത്. തൃശൂരില്‍ 178 കേസും കോഴിക്കോട് 168, തിരുവനന്തപുരം 165, കൊല്ലം 145 കേസും രജിസ്റ്റല്‍ ചെയ്തതായി റോജി എം ജോണിനെ മുഖ്യമന്ത്രി അറിയിച്ചു.