ജസ്റ്റിസ് കര്‍ണന്റെ ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീംകോടതി

Posted on: May 11, 2017 7:10 pm | Last updated: May 12, 2017 at 11:42 am

ചെന്നൈ: കോടതിയലക്ഷ്യക്കേസില്‍ ആറുമാസം തടവിനു ശിക്ഷിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന ജസ്റ്റിസ് സി.എസ്. കര്‍ണന്റെ അപേക്ഷ സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെ.എസ് കേഹാറാണ് ജസ്റ്റിസ് കര്‍ണന്റെ ഹര്‍ജി പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്. കോടതിയലക്ഷ്യ നിയമം ഭരണഘടനാ ലംഘനമാണെന്ന് ജസ്റ്റിസ് കര്‍ണന്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, കര്‍ണന്‍ ഒളിവിലാണെന്ന വാദത്തെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ നിഷേധിച്ചിരുന്നു. അദ്ദേഹം ചെന്നൈയില്‍ തന്നെയുണ്ടെന്നും കര്‍ണനുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. നേരത്തെ, കര്‍ണന്‍ രാജ്യം വിട്ടുവെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതു തള്ളുന്നതാണു കര്‍ണന്റെ അഭിഭാഷകരുടെ പ്രതികരണം.

അതിനിടെ, സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ചെന്നൈയിലെത്തിയ കൊല്‍ക്കത്ത പൊലീസ് സംഘം വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കര്‍ണനെ കണ്ടെത്താന്‍ സാധിച്ചില്ല. താമസിക്കുന്ന സ്ഥലം നിരന്തരം മാറി അന്വേഷണ സംഘത്തെ കുഴപ്പിക്കുകയാണെന്നു കര്‍ണനെന്ന് പൊലീസുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെവരെ കര്‍ണന്‍ ചെപ്പോക് ഗവ. ഗസ്റ്റ് ഹൗസിലെ മൂന്നാം നമ്പര്‍ മുറിയിലുണ്ടായിരുന്നു. പിന്നീട്, ഔദ്യോഗിക വാഹനവും പ്രോട്ടോക്കോള്‍ പ്രകാരമുള്ള സുരക്ഷയും ഒഴിവാക്കി ആന്ധ്രാപ്രദേശില്‍ തിരുപ്പതിക്കു സമീപം കാളഹസ്തി ക്ഷേത്രത്തിലേക്കു പോയതായി സൂചന ലഭിച്ചതിനെ തുടര്‍ന്നു പൊലീസ് അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല.