Connect with us

Gulf

കൊല്ലങ്ങളെ വെല്ലുന്ന കലന്‍ഡര്‍ ചെറു പേപ്പറിലാക്കി ഫ്രല്‍ബിന്‍

Published

|

Last Updated

ദോഹ: വര്‍ഷമേതായാലും തിയതിയറിഞ്ഞാല്‍ നിമിഷ നേരം കൊണ്ട് ദിവസം കണ്ടു പിടിക്കാന്‍ സാധിക്കുന്ന എ ഫോര്‍ പേപ്പര്‍ കലന്‍ഡര്‍ മാജിക്കുമായി കോഴിക്കോട് സ്വദേശിയായ യുവാവ്. മുന്‍ കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഏതു വര്‍ഷങ്ങളിലെയും ദിവസങ്ങള്‍ കണ്ടു പിടിക്കാനുള്ള ആശയമാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ഫ്രല്‍ബിന്‍ റഹ്മാന്‍ പരിചയപ്പെടുത്തുന്നത്. നേരത്തേ സ്വന്തം പേര് അടിസ്ഥാനപ്പെടുത്തി കലന്‍ഡര്‍ വികസിപ്പിച്ച ഫെല്‍ബ്രിന്‍ ഖത്വര്‍ എന്ന ഇംഗ്ലീഷ് അക്ഷരങ്ങളുടെ അടിസ്ഥാനമാക്കിയാണ് പരിഷ്‌കരിച്ചത്.

ഓരോവര്‍ഷവും കലന്‍ഡര്‍ വാങ്ങുന്ന രീതി ഒഴിവാക്കാമെന്നും എല്ലാ കാലത്തേക്കും ഒരു എ ഫോര്‍ ഷീറ്റ് കലന്‍ഡര്‍ ഉപയോഗിച്ച് തിയതിയും ദിവസവും നോക്കാമെന്നാണ് ഫെല്‍ബ്രിന്‍ പറയുന്നത്. മുന്‍പും സമാനമായ കലന്‍ഡറുകള്‍ യുവാവ് അവതരിപ്പിച്ചിട്ടുണ്ട്. ലോകത്തിന് എന്തെങ്കിലും സംഭാവന ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് കലന്‍ഡര്‍ വികസിപ്പിച്ചതെന്ന് ഫെല്‍ബ്രിന്‍ പറഞ്ഞു. 2009ല്‍ 200 വര്‍ഷത്തെ കലന്‍ഡര്‍ എ ഫോര്‍ ഷീറ്റില്‍ തയാറാക്കിയിരുന്നു. 2015ല്‍ 2000 വര്‍ഷത്തെ കലന്‍ഡറും 2017ല്‍ 7000 വര്‍ഷത്തെ കലന്‍ഡറും ഉണ്ടാക്കി. ഫ്രല്‍ബിന്‍ കലന്‍ഡര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

കോഴിക്കോട് എന്‍ ഐ ഐ ടിയില്‍നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ഫെല്‍ബ്രിന്‍ ഖത്വറില്‍ സന്ദര്‍ശത്തിനെത്തിയ വേളയിലാണ് ഖത്വര്‍ എന്നതിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ച് കലന്‍ഡര്‍ രൂപപ്പെടുത്തിയത്. തൊഴില്‍ അവസരം ലഭിച്ചാല്‍ ഖത്വറില്‍ തുടരണമെന്നാഗ്രഹിക്കുന്ന യുവാവ് തുടര്‍ന്നും ഇത്തരം പരിശ്രമങ്ങള്‍ തുടരുമെന്ന് പറയുന്നു. കോഴിക്കോട് കിണാശ്ശേരി അജീബ് ഹൗസില്‍ അബ്ദുര്‍റഹ്മാന്റെയും സമീറയുടെയും മകനായ ഫ്രല്‍ബിന്‍ എസ് എസ് എഫ് കിണാശ്ശേരി യൂനിറ്റ് പ്രവര്‍ത്തകനാണ്. 31106747 നമ്പറില്‍ ഫ്രല്‍ബിനെ ഖത്വറില്‍ ബന്ധപ്പെടാം.