മാവോയിസ്റ്റ് വേട്ടക്കായി സുക്മയിലേക്ക് രണ്ടായിരം കമാന്‍ഡോകള്‍

Posted on: May 9, 2017 12:02 pm | Last updated: May 9, 2017 at 12:02 pm

ന്യൂഡല്‍ഹി: മാവോയിസ്റ്റുകളെ നേരിടാന്‍ ഛത്തിസ്ഗഢിലെ സുക്മ ജില്ലയില്‍ രണ്ടായിരം കമാന്‍ഡോകളെ വിന്യസിക്കുന്നു. ഗറില്ലാ യുദ്ധമുറകളില്‍ പരിശീലനം ലഭിച്ച കോബ്ര കമാന്‍ഡോ വിഭാഗത്തെയാണ് വിന്യസിക്കുന്നത്. സുക്മ ജില്ലയിലും സമീപ പ്രദേശങ്ങളിലും മാവോയിസ്റ്റ് ആക്രമണങ്ങള്‍ വ്യാപിച്ച സാഹചര്യത്തിലാണ് നടപടി. മാവോയിസ്റ്റ് ശക്തികേന്ദ്രമായ തെക്കന്‍ ബസ്തറില്‍പ്പെട്ട സുക്മാ ജില്ലയില്‍ കാലാപഥറില്‍ കഴിഞ്ഞ മാസമുണ്ടായ ഏറ്റുമുട്ടലില്‍ 25 സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

പശ്ചിമ ബംഗാള്‍, ബീഹാര്‍, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് 20 മുതല്‍ 25 വരെ കമ്പനി കോബ്ര വിഭാഗത്തെ ബസ്തര്‍ മേഖലയിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. നൂറ് സൈനികര്‍ ഉള്‍പ്പെട്ടതാണ് ഒരു കോബ്ര കമ്പനി. വ്യോമമാര്‍ഗമായിരിക്കും സൈനികരെ ബസ്തറില്‍ എത്തിക്കുക. നിലവില്‍ 44 കോബ്ര സംഘങ്ങളാണ് ഛത്തിസ്ഗഢില്‍ മാത്രം വിന്യസിച്ചിട്ടുള്ളത്. സുക്മ, ദന്തേവാഡ മേഖലകളിലാണ് ഇവരിലേറെയും പ്രവര്‍ത്തിക്കുന്നത്.