Connect with us

National

കോടതിയലക്ഷ്യ കേസില്‍ ജസ്റ്റിസ് കര്‍ണന് ആറ് മാസം തടവ്

Published

|

Last Updated

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണനെ സുപ്രീം കോടതി ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. ഇതാദ്യമായാണ് ഒരു ജഡ്ജിയെ കോടതിയലക്ഷ്യ കേസിന് ശിക്ഷിക്കുന്നത്. കര്‍ണനെ ഉടന്‍ ജയിലിലടക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതി ജഡ്ജിയെ അറസ്റ്റ് ചെയ്യണമെന്ന കര്‍ണന്റെ ഉത്തരവിനെ തുടര്‍ന്നാണ് സുപ്രീം കോടതി വിധി. കര്‍ണന് മാനസികാസ്വാസ്ഥ്യമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ജസ്റ്റിസ് കര്‍ണന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധകരിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് മുതിര്‍ന്ന ജഡ്ജിമാരെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ച് ജസ്റ്റിസ് കര്‍ണന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന് പുറമെ ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, പിനാകി ചന്ദ്ര ഘോഷ്, കുര്യന്‍ ജോസഫ് എന്നിവരെ അറസ്റ്റ് ചെയ്യാനാണ് ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടത്. ജസ്റ്റിസ് കര്‍ണന്റെ മാനസികാരോഗ്യ നില പരിശോധിക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും അതിന് ജസ്റ്റിസ് കര്‍ണന്‍ തയ്യാറായിരുന്നില്ല. സുപ്രീം കോടതി ബഞ്ച് ജാതിവിവേചനം കാണിക്കുകയാണെന്നാണ് ജസ്റ്റിസ് കര്‍ണന്റെ ആരോപണം.

 

 

Latest