Connect with us

Ongoing News

കയ്യേറ്റക്കാരോട് ദയയുണ്ടാവില്ല: പിണറായി വിജയന്‍

Published

|

Last Updated

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്‌നങ്ങളുണ്ടെന്ന് വരുത്താന്‍ മാധ്യമങ്ങള്‍ കരുതിക്കൂട്ടി ശ്രമിക്കേണ്ടതില്ല. ഉദ്യോഗസ്ഥരെ എങ്ങനെ ഉപയോഗിക്കണമെന്ന് സര്‍ക്കാരിനറിയാം. ഇടുക്കിയില്‍ മാത്രമായി രാഷ്ട്രീയ ജീര്‍ണതയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍, അനുബന്ധ പ്രശ്‌നങ്ങള്‍, പട്ടയവിതരണം തുടങ്ങിയവയെക്കുറിച്ചു മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുടെ അഭിപ്രായം തേടാനും പിന്തുണ ആവശ്യപ്പെടാനും വേണ്ടിയാണു സര്‍ക്കാര്‍ യോഗങ്ങള്‍ വിളിക്കുന്നത്.

സര്‍ക്കാര്‍ ഭൂമി കയ്യേറിയവരോടു ദയയുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പരിസ്ഥിതി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു. പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഗണിച്ചു ചില നിയമങ്ങളില്‍ ഭേദഗതി വേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ നീക്കം ചെയ്യണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സുഗതകുമാരി, ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി. ഉമ്മന്‍, മുന്‍ ചെയര്‍മാന്‍ വി.എസ്. വിജയന്‍, പരിസഥിതി സംഘടനയായ തണലിന്റെ പ്രവര്‍ത്തകന്‍ ജയകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തൈക്കാട് ഗെസ്റ്റ് ഹൗസില്‍ ഞായറാഴ്ച്ച പത്തിനാണു യോഗം ആരംഭിച്ചത്. കയ്യേറ്റം ഒഴിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍, നിയമപരമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിക്കു പുറമെ റവന്യൂ, വനം മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.