സിപിഐഎം സോണിയാഗാന്ധിക്ക് മുദ്രാവാക്യം വിളിക്കുന്ന കാലം വിദൂരമല്ല: എ.കെ ആന്റണി

Posted on: May 7, 2017 12:40 pm | Last updated: May 8, 2017 at 7:12 pm

തിരുവനന്തപുരം: വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് ബിജെപിക്കെതിരായ ഐക്യനിരയുടെ തുടക്കമാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. സിപിഐഎം സോണിയാഗാന്ധിക്ക് സിന്ദാബാദ് വിളിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആന്റണി.

ഇന്ത്യയില്‍ ബിജെപിക്കും ആര്‍എസ്എസിനും എതിരെ ശക്തമായ നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമേ സാധിക്കുകയുള്ളു. എന്നാല്‍ ആര്‍എസ്എസിനെ ചെറുക്കാന്‍ തങ്ങള്‍ക്ക് മാത്രമേ സാധിക്കൂ എന്ന രീതിയില്‍ സിപിഐഎം ഇപ്പോള്‍ കേരളത്തില്‍ പ്രചരിപ്പിക്കുന്നു . ആ പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ല. ബംഗാളിലടക്കം സിപിഐഎം തകര്‍ച്ച നേരിടുകയാണ്. കേരളത്തിലെ സിപിഐഎം നേതാക്കളും സോണിയാ ഗാന്ധിക്ക് സിന്ദാബാദ് വിളിക്കുന്ന കാലം വിദൂരമല്ല. ആന്റണി പറഞ്ഞു.

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ നേരത്തെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ആന്റണി ആവര്‍ത്തിച്ചു. കോണ്‍ഗ്രസിന് നേതാക്കള്‍ മാത്രം പോരെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ബൂത്ത് തലത്തില്‍ ജനവിശ്വാസമുള്ള പ്രവര്‍ത്തകര്‍ ഉണ്ടാകണം. ഏത് വീട്ടിലും അടുക്കളിയും വരെ കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ വേണം. അങ്ങനെ ഉണ്ടായാല്‍ മാത്രമേ ഇനി കോണ്‍ഗ്രസിന് ശക്തിപ്പെടാനാകുകയുള്ളു എന്നും ആന്റണി പറഞ്ഞു.