സഊദി പൊതുമാപ്പ്: നാട്ടില്‍ പോകാന്‍ തയ്യാറായി 20,000 ഇന്ത്യക്കാര്‍

Posted on: May 5, 2017 11:28 am | Last updated: June 6, 2017 at 6:07 pm

റിയാദ്: അനധികൃതമായി സഊദി അറേബ്യയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന് വേണ്ടി ഇതുവരെ അപേക്ഷിച്ചത് 20,000 ഇന്ത്യക്കാര്‍. മലയാളികളടക്കം 20,321 ഇന്ത്യക്കാര്‍ പൊതുമാപ്പിന് അപേക്ഷിച്ചതായി ഇന്ത്യന്‍ എംബസി വക്താവ് അനില്‍ നൗടിയാല്‍ വ്യക്തമാക്കി. വിസക്കാലാവധി കഴിഞ്ഞതിനാലും, യാത്രാ രേഖകളില്ലാത്തതിനാലും തിരിച്ചുവരവ് സാധ്യമാകാതെ സഊദിയില്‍ കുടുങ്ങിപ്പോയ വിദേശികള്‍ക്ക് വേണ്ടിയാണ് സഊദി സര്‍ക്കാര്‍ 90 ദിവസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്.

സഊദി അറേബ്യയില്‍ അനധികൃതമായി താമസിക്കുന്ന എല്ലാ ജീവനക്കാരോടും പൊതുമാപ്പ് ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. തിരിച്ചുപോകുന്ന ഇന്ത്യക്കാര്‍ക്ക് എക്‌സിറ്റ് വിസയും പാസും സഊദി സര്‍ക്കാര്‍ നല്‍കും. വിമാന ടിക്കറ്റിന്റെ ചാര്‍ജ് യാത്രക്കാര്‍ തന്നെ വഹിക്കേണ്ടിവരും. നിര്‍ധനരായ പ്രവാസികള്‍ക്ക് യാത്രാ ചെലവ് നല്‍കാന്‍ വിവിധ പ്രവാസി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പൊതുമാപ്പില്‍ പോകുകയാണെങ്കിലും വീണ്ടും തിരിച്ചുവരാനുള്ള സൗകര്യം ഉള്ളതിനാല്‍ കൂടുതല്‍ പ്രവാസികള്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നുണ്ട്.