കോട്ടയം ചൂടില്‍ രണ്ടിലക്ക് ദ്രുതവാട്ടമോ?

പി ജെ ജോസഫ് എതിര്‍പ്പിന്റെ സ്വരം ഉയര്‍ത്തിയതോടെ കേരള കോണ്‍ഗ്രസില്‍ വീണ്ടുമൊരു പിളര്‍പ്പ് ആസന്നമായിരിക്കുന്നുവെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനായി അവരോധിച്ചതും പാര്‍ട്ടിക്കുള്ളില്‍ മാണി- ജോസഫ് വിഭാഗങ്ങളുടെ ചേരിപ്പോരിന് കാരണമായിട്ടുണ്ട്. മാണിക്കെതിരായി സംസ്ഥാന വിജിലന്‍സ് വിവിധ അഴിമതി ആരോപണങ്ങളില്‍ നടന്നുവരുന്ന അന്വേഷണങ്ങളുടെ വേഗത സര്‍ക്കാര്‍ തലത്തില്‍ കുറച്ചതും പുതിയ ഒത്തുചേരലുകള്‍ക്ക് വേണ്ടിയായിരുന്നു.
Posted on: May 5, 2017 6:00 am | Last updated: May 5, 2017 at 10:10 am

തനിച്ച് കരുത്ത് കാട്ടാന്‍ എല്ലാ പാര്‍ട്ടികളോടും സമദൂര നയം പ്രഖ്യാപിച്ച് പോരിനിറങ്ങിയ അമ്പതാണ്ടിന്റെ അനുഭവ സമ്പത്തുള്ള കെ എം മാണിക്ക് കേരള രാഷ്ട്രീയത്തില്‍ കാലിടറി തുടങ്ങിയോ? ബാര്‍ കോഴ വിവാദം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയെ വരിഞ്ഞുമുറുക്കിയ ദിനം മുതല്‍ മാണിക്കും കേരള കോണ്‍ഗ്രസിനും ശനിദശയാണ്. എവിടെ തൊട്ടാലും കൈപൊള്ളുന്ന സ്ഥിതി. എല്ലാവരെയും സംശയത്തോടെയാണ് മധ്യതിരുവിതാംകൂറിലെ ഈ കര്‍ഷക പാര്‍ട്ടി വീക്ഷിക്കുന്നത്. ബാര്‍ കോഴ വിവാദങ്ങള്‍ക്കിടെ നിയമസഭയില്‍ മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള അന്നത്തെ പ്രതിപക്ഷം നടത്തിയ കോലാഹലങ്ങള്‍ സാക്ഷര കേരളം ഇനിയും മറന്നുതുടങ്ങിയിട്ടില്ല. ബാര്‍ കോഴ വിവാദങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലെ ചിലരാണെന്ന ആരോപണം ഉയര്‍ത്തി മാണിയും കൂട്ടരും യു ഡി എഫ് ബന്ധം അവസാനിപ്പിച്ചു. കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പല നിര്‍ണായക തീരുമാനങ്ങള്‍ക്കും വേദിയായിട്ടുള്ള ചരല്‍കുന്നിലാണ് ഐക്യമുന്നണിയുമായുള്ള ചങ്ങാത്തം വേണ്ടെന്നുവെച്ചത്. ഈ വിടവാങ്ങലിനിടയിലും പ്രാദേശിക തലങ്ങളില്‍ കോണ്‍ഗ്രസുമായുള്ള തിരഞ്ഞെടുപ്പ് ധാരണകള്‍ തുടരുമെന്നും ക്യാമ്പില്‍ പ്രഖ്യാപനമുണ്ടായി. ഇതിനിടെ, മലപ്പുറം പാര്‍ലിമെന്റ് ഉപതിരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് കേരള കോണ്‍ഗ്രസ് എം പിന്തുണ അറിയിച്ചതോടെ വീണ്ടും യു ഡി എഫ് പാളയത്തിലേക്ക് മാണിയുടെ മടക്കം വൈകില്ലെന്ന് രാഷ്ട്രീയ കേരളം ഉറപ്പിച്ചു. ഇത്തരം വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിലെ ചില പ്രമുഖര്‍ തന്നെ യു ഡി എഫിലേക്ക് കെ എം മാണിയെ ക്ഷണിക്കുകയും ചെയ്തു.

കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി പി എമ്മുമായി കൈകോര്‍ത്ത് ഭരണം അട്ടിമറിച്ചത് കര്‍ഷക പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തോടുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ അമര്‍ഷമാണ് തീരുമാനത്തിന് പിന്നിലെന്നും പ്രാദേശികമായ ധാരണകള്‍ മാത്രമാണ് സി പി എമ്മുമായുള്ളതെന്നും പറഞ്ഞ് കെ എം മാണി ഇടതുബാന്ധവത്തെ ന്യായീകരിച്ചെങ്കിലും ഇതൊന്നും ഫലം കാണുന്ന മട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം നാളിതുവരെ മാണിക്കെതിരെ തൊടുക്കാന്‍ സൂക്ഷിച്ചുവെച്ച അസ്ത്രങ്ങളെടുത്ത് എയ്തുതുടങ്ങി. ഇനി യാതൊരു ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നാടുനീളെ പ്രഖ്യാപിച്ചുകഴിഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാന്‍ സി പി എമ്മുമായുള്ള ചങ്ങാത്തത്തിനെതിരെ കേരള കോണ്‍ഗ്രസിലും അമര്‍ഷം പുകഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന സ്ഥിതിയാണിപ്പോള്‍. കോട്ടയത്ത് സി പി എമ്മുമായി ജില്ലാ പഞ്ചായത്ത് ഭരണം പങ്കിട്ടത് നിര്‍ഭാഗ്യകരമെന്നും ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് തുറന്നടിച്ചതോടെ കേരള കോണ്‍ഗ്രസിലെ ഭിന്നത മറനീക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ ആലോചിക്കാതെയുള്ള തീരുമാനമെന്ന പരാതിയുമായി പാര്‍ട്ടിക്കുള്ളില്‍ വലിയൊരു വിഭാഗം പ്രതിഷേധത്തിന്റെ വാളോങ്ങി നില്‍പ്പുണ്ട്.
25 വര്‍ഷമായി കെ എം മണിയുടെ തണലായി പ്രവര്‍ത്തിച്ചുവന്ന കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ് ഇ ജെ ആഗസ്റ്റിയുടെ രാജിയും മാണിയെയും കൂട്ടരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇതോടെ പ്രതിരോധത്തിലായ കെ എം മാണി മുന്‍ നിലപാട് മയപ്പെടുത്തി കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടായ സഖ്യങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് പറയേണ്ടി വന്നിരിക്കുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സുരക്ഷിത താവളം തേടിയുള്ള അന്വേഷണങ്ങള്‍ക്കിടെ ഇടതുമുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസാണ് പുതിയ സഖ്യസാധ്യതകള്‍ക്ക് കെ എം മാണിക്ക് മുന്നില്‍ ഓഫറുകളുമായി അവതരിച്ചത്. സി പി എമ്മിന്റെ മൗനാനുവാദത്തോടെയുള്ള പുതിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയും ചെയ്തു.
ഇടതുപ്രവേശത്തിന്റെ പ്രാരംഭഘട്ടമെന്ന നിലയില്‍ കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസ് മാണി, സ്‌കറിയ തോമസ് വിഭാഗം, ജോണി നെല്ലൂര്‍, ഇന്‍ഫാം, കത്തോലിക്ക കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ കര്‍ഷക കൂട്ടായ്മ വിളിച്ചുചേര്‍ത്ത് ഐക്യകാഹളവും മുഴക്കി. ഇവിടെയെല്ലാം കേരള കോണ്‍ഗ്രസിലെ മുഴുവന്‍ നേതാക്കളെയും വിശ്വാസത്തിലെടുക്കാതെയുള്ള നീക്കങ്ങളായിരുന്നു കെ എം മാണിയും മകന്‍ ജോസ് കെ മാണിയും നടത്തിയത്. മധ്യകേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി മാനസികമായി ഏറെ അകന്നുപോയ കേരള കോണ്‍ഗ്രസിന് പുതിയ രാഷ്ട്രീയ പരീക്ഷണത്തിനുള്ള സുരക്ഷിത ഇടം എല്‍ ഡി എഫാണെന്ന് ജോസ് കെ മാണി ഉറപ്പിക്കുകയും ചെയ്തു. ഈ നീക്കങ്ങളുടെ ആദ്യപരീക്ഷണം എന്ന നിലയിലാണ് കോട്ടയം ജില്ലാ പഞ്ചായത്തില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റിനെ പോലും അറിയിക്കാതെ സി പി എമ്മുമായി തിരക്കിട്ടൊരു കൂട്ടുകെട്ടിന് മുതിരാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. യു ഡി എഫ് ബന്ധം അവസാനിപ്പിച്ചപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ കാട്ടിയ ഐക്യം ഇവിടെയും നഷ്ടപ്പെടില്ലെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു കെ എം മാണി. എന്നാല്‍ പി ജെ ജോസഫ് എതിര്‍പ്പിന്റെ സ്വരം ഉയര്‍ത്തിയതോടെ കേരള കോണ്‍ഗ്രസില്‍ വീണ്ടുമൊരു പിളര്‍പ്പ് ആസന്നമായിരിക്കുന്നുവെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനായി അവരോധിച്ചതും പാര്‍ട്ടിക്കുള്ളില്‍ മാണി ജോസഫ് വിഭാഗങ്ങളുടെ ചേരിപ്പോരിന് കാരണമായിട്ടുണ്ട്. മാണിക്കെതിരായി സംസ്ഥാന വിജിലന്‍സ് വിവിധ അഴിമതി ആരോപണങ്ങളില്‍ നടത്തിവരുന്ന അന്വേഷണങ്ങളുടെ വേഗത സര്‍ക്കാര്‍ തലത്തില്‍ കുറച്ചതും പുതിയ ഒത്തുചേരലുകള്‍ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ മാണിയെയും കൂട്ടരെയും എല്‍ ഡി എഫില്‍ എടുക്കുന്നതിനെ ശക്തമായി പ്രതിരോധിച്ച് സി പി ഐയും വി എസ് അച്യുതാനന്ദനും രംഗത്ത് എത്തിയതോടെ കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണിയുമായുള്ള ചങ്ങാത്തം കൂനിന്മേല്‍ കുരുവായിരിക്കുകയാണ്.

ഇതിനിടെ, എന്‍ ഡി എയിലെത്തി ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ ചില അണിയറ ചര്‍ച്ചകള്‍ പുരോഗമിച്ചെങ്കിലും ജോസഫ് വിഭാഗം ശക്തമായി എതിര്‍ത്തതോടെ മൂന്നാം മുന്നണി സഖ്യനീക്കങ്ങളും പാളി. തനിച്ച് ശക്തിതെളിയിക്കാന്‍ ഇറങ്ങിയ കെ എം മാണിയും കൂട്ടരും റബ്ബര്‍ കര്‍ഷകര്‍ക്കായി ചില സമര സന്നാഹങ്ങള്‍ സംഘടിപ്പിച്ചെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍ ഇരിക്കുന്നുണ്ടെങ്കിലും വലിയ തോതിലുള്ള ഇടപെടലുകള്‍ക്ക് പാര്‍ട്ടി മുതിരുന്നില്ല. മധ്യകേരളത്തില്‍ കോണ്‍ഗ്രസിന്റെ ശക്തി തെളിയിക്കാന്‍ ലഭിച്ച അവസരം നഷ്ടപ്പെടുത്തരുതെന്നും ഇനി കേരള കോണ്‍ഗ്രസുമായി യാതൊരു സഖ്യവും വേണ്ടെന്നുമാണ് മധ്യകേരളത്തിലെ ബഹുഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട്. 2019ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ ചങ്ങാത്തങ്ങള്‍ സംബന്ധിച്ച് വ്യക്തമായ ധാരണകള്‍ രൂപപ്പെടുത്തിയില്ലെങ്കില്‍ ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച ആശങ്ക മാണിയുമായി അടുപ്പമുള്ള കേരള കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.