സംസ്ഥാനത്ത് അടുത്ത മാസം ഒരു കോടി വൃക്ഷത്തൈകള്‍ നടും

ജലം ഊറ്റുന്ന മരങ്ങള്‍ വെട്ടിമാറ്റാനും തീരുമാനം
Posted on: May 4, 2017 8:39 pm | Last updated: May 5, 2017 at 9:39 am
SHARE

തിരുവനന്തപുരം: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അടുത്ത മാസം ഒരു കോടി വൃക്ഷത്തൈകള്‍ നടും. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാന വ്യാപകമായി പദ്ധതിക്ക് തുടക്കമാകും.

വനം വകുപ്പും കൃഷി വകുപ്പും സംയുക്തമായാണ് വൃക്ഷത്തൈകള്‍ ഒരുക്കുന്നത്. പരിസ്ഥിതി വകുപ്പിന്റെ പങ്കാളിത്തതോടെയാണ് പദ്ധതി നടപ്പാക്കുക. പദ്ധതിക്ക് വേണ്ടി 72 ലക്ഷം വൃക്ഷത്തൈകള്‍ വനം വകുപ്പും അഞ്ച് ലക്ഷം തൈകള്‍ കൃഷിവകുപ്പും തയ്യാറാക്കി. ബാക്കി 23 ലക്ഷം കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹകരണത്തോടെയാണ് തയ്യാറാക്കുക. വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് വിദ്യാലയങ്ങള്‍ വഴിയും പഞ്ചായത്ത്, കുടുംബശ്രീ, സന്നദ്ധ സംഘടകള്‍ എന്നിവ വഴിയുമാണ് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുക.

ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യുക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് മുതലായ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തും. ജലചൂഷണമടക്കം കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here