Connect with us

Articles

ഈ സര്‍ക്കാര്‍ തൊഴിലാളികള്‍ക്കൊപ്പം

Published

|

Last Updated

2016 -ല്‍ അധികാരത്തില്‍ വന്ന ഇടതു മുന്നണി സര്‍ക്കാര്‍ കേന്ദ്ര ഭരണാധികാരികളുടെ തൊഴിലാളി വിരുദ്ധ സാമ്പത്തിക നയങ്ങളുടെ കെടുതികളില്‍ നിന്ന് സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് സംരക്ഷണകവചം തീര്‍ത്തുകൊണ്ട് ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.
തൊഴിലാളിതൊഴിലുടമാ ബന്ധം ഊട്ടിയുറപ്പിക്കുകയും അതിലൂടെ ഒരു സംരംഭക സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനും ഉതകുന്ന തരത്തില്‍ സമഗ്രമായ ഒരു തൊഴില്‍ നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കിവരുകയാണ്. സംസ്ഥാന മിനിമം വേതന ഉപദേശക സമിതി പുന:സംഘടിപ്പിക്കുകയും വിവിധ മേഖലകളില്‍ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുമുള്ള നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തു. കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഹോസ്റ്റല്‍, ഐസ് ഫാക്ടറി, ഫാര്‍മസ്യൂട്ടിക്കല്‍ സെയില്‍സ് പ്രമോഷന്‍, പ്രിന്റിംഗ് പ്രസ്, ഗോള്‍ഡ് ആന്റ് സില്‍വര്‍ ഓര്‍ണമെന്റ്‌സ്, ആനപരിപാലനം, ചൂരല്‍മുള, ഉച്ചഭക്ഷണ തൊഴിലാളികള്‍, ആയുര്‍വ്വേദ അലോപ്പതി മരുന്ന്, കടകളും വാണിജ്യസ്ഥാപനങ്ങളും, ഗാര്‍ഹികമേഖല, ബീഡി ആന്റ് സിഗാര്‍ എന്നീ മേഖലകളിലെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
മിനിമം വേതന നിയമപ്രകാരം തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിനുള്ള അധികാരിയായി ഡെപ്യട്ടി ലേബര്‍ കമ്മീഷണര്‍മാരെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഭേദഗതി നിയമം നിയമസഭ അംഗീകരിച്ചു.
തൊഴില്‍ നിയമങ്ങളുടെ ലംഘനങ്ങള്‍ക്കുള്ള പിഴ തുക 500 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്താനും തുടര്‍ലംഘനങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ പിഴ ഈടാക്കാനും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി നിയമസഭ അംഗീകരിച്ചിട്ടുണ്ട്. വ്യവസായ തൊഴില്‍ തര്‍ക്ക നിയമത്തില്‍ തൊഴിലാളി എന്ന നിര്‍വ്വചനത്തില്‍ സെയില്‍സ് പ്രമോഷന്‍ തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതിയും നിയമസഭ അംഗീകരിച്ചുകഴിഞ്ഞു.

കര്‍ഷകത്തൊഴിലാളി ക്ഷേമപെന്‍ഷന്‍ അര്‍ഹതാ വരുമാന പരിധി 11000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഈ കാലയളവില്‍ വര്‍ദ്ധിപ്പിച്ചു. ക്ഷേമപെന്‍ഷനുകളും ക്ഷേമനിധി പെന്‍ഷനുകളും 600 രൂപയില്‍ നിന്ന് 1100 രൂപയായി വര്‍ദ്ധിപ്പിക്കുകയും കുടിശ്ശിക സഹിതം ഗുണഭോക്താക്കളുടെ കൈയില്‍ നേരിട്ടെത്തിക്കുകയും ചെയ്തു. മരംകയറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളുടെ കുടിശ്ശിക വിതരണം ചെയ്യുകയും മരംകയറ്റ തൊഴിലാളി പെന്‍ഷന്‍ പദ്ധതി, അസംഘടിത തൊഴിലാളികളുടെ പ്രസവാനുകൂല്യ പദ്ധതി, എസ്റ്റേറ്റ് തൊഴിലാളികളുടെ ദുരിതാശ്വാസ പദ്ധതി എന്നിവയ്ക്കാവശ്യമായ തുക അനുവദിക്കുകയുണ്ടായി.

നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ തൊഴിലാളി വര്‍ഗത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കേണ്ടതിന്റെ പ്രാധാന്യമാണ് മെയ്ദിന സന്ദേശത്തിന്റെ കാതല്‍. തൊഴിലാളി വര്‍ക്ഷത്തിന്റെ ഐക്യം തകര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗരൂകരായിരിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്.

Latest