ഫലസ്തീന്‍ തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബ്രിട്ടനില്‍ നിരാഹാര സമരം

Posted on: April 30, 2017 11:40 pm | Last updated: April 30, 2017 at 11:08 pm
നിരാഹാര സമര പന്തലിലെ ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍

ലണ്ടന്‍: ഇസ്‌റാഈല്‍ ജയിലില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടനില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നിരാഹാര സമരം തുടങ്ങി. വ്യാഴാഴ്ച തുടങ്ങിയ സമരം ഒരു ആഴ്ചയോളം നീണ്ടുനില്‍ക്കുമെന്ന് മാഞ്ചസ്റ്റര്‍ യൂനിവേഴ്‌സിറ്റിയിലെ പ്രവര്‍ത്തകര്‍ പറഞ്ഞു.

ജയിലുകളില്‍ ഇസ്‌റാഈല്‍ അധികൃതര്‍ നടത്തുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കാനായി 1,500 ഓളം രാഷ്ട്രീയ തടവുകാര്‍ ഇസ്‌റാഈല്‍ ജയിലുകളില്‍ നിരാഹാരം കിടക്കുകയാണ്. ഫലസ്തീനികളായ രാഷ്ട്രീയ തടവുകാരെ കുറ്റം ചുമത്താതെയും വിചാരണ നടത്താതെയും ആറ് മാസക്കാലത്തോളം തടവില്‍ പാര്‍പ്പിക്കുകയാണെന്ന് നിരാഹാരമനുഷ്ഠിക്കുന്ന അഞ്ച് ബ്രിട്ടീഷ് വിദ്യാര്‍ഥികളില്‍ ഒരാളായ മുഹമ്മദ് ഇസ്സദ്ദീന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തടവുകാര്‍ അങ്ങേയറ്റം ദുരിതപൂര്‍ണമായ ജീവിതമാണ് നയിക്കുന്നതെന്നും ചികിത്സ ലഭിക്കുന്നില്ലെന്നും സന്ദര്‍ശകരെ അനുവദിക്കുന്നില്ലെന്നും മുഹമ്മദ് പറഞ്ഞു.
മാര്‍ച്ചില്‍ ഇസ്‌റാഈല്‍വിരുദ്ധ പ്രക്ഷോഭം നടത്തിയതിന് രണ്ട് വിദ്യാര്‍ഥികള്‍ക്കുനേരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് യൂനിവേഴ്‌സിറ്റി അധികൃതരെ പിന്തിരിപ്പിക്കാനുള്ള സമ്മര്‍ദം ചെലുത്താന്‍ നിരാഹാര സമരത്തിനാകുമെന്നാണ് പ്രതീക്ഷയെന്നും ഇദ്ദേഹം പറഞ്ഞു.