National
പശുവിനെ കണ്ടപ്പോള്‍ ഹോണ്‍ മുഴക്കി; വാന്‍ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം, കാഴ്ച നഷ്ടമായി

പാറ്റ്‌ന: നടുറോഡില്‍ പശുവിനെ കണ്ടപ്പോള്‍ ഹോണടിച്ചതിന് ഡ്രൈവറെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തെ തുടര്‍ന്ന് അവശനിലയിലായ ഇയാള്‍ക്ക് ഇടതുകണ്ണിന്റെ കാഴ്ചയും നഷ്ടമായി. ബീഹാര്‍ തലസ്ഥാനമായ പാറ്റ്‌നക്ക് 250 കിലോമീറ്റര്‍ അകലെ ദേശീയ പാത 107ലാണ് യുവാവ് പശു ആരാധകരുടെ മര്‍ദനത്തിന് ഇരയായത്.
സഹര്‍സയില്‍ നിന്ന് സ്വദേശമായ ഭഗല്‍പൂരിലേക്ക് പിക്കപ്പ് വാനുമായി പോകുകയായിരുന്ന ഗണേഷ് മണ്ഡല്‍ എന്നയാളാണ് ആക്രമിക്കപ്പെട്ടത്. ദേശീയപാതയില്‍ പശു തടസ്സം സൃഷ്ടിച്ചപ്പോള്‍ ഇയാള്‍ ഹോണ്‍ അടിച്ചു. ഇതോടെ പരിഭ്രാന്തയായ പശു ഓടി രക്ഷപ്പെട്ടു. ഇതു കണ്ടു നിന്ന പശുവിന്റെ ഉടമസ്ഥനും പശു ആരാധകരായ യുവാക്കളും ചേര്‍ന്ന് വാഹനം തടഞ്ഞ് ഗണേഷിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വടികൊണ്ട് കുത്തിയും അടിച്ചും അവര്‍ അവര്‍ ഇയാളെ പരുക്കേല്‍പ്പിച്ചു. പശുവിനെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഈ മര്‍ദനങ്ങള്‍ എല്ലാം.
ഒടുവില്‍ അവശ നിലയിലായ ഇയാളെ തൊട്ടടുത്ത പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇടതുകണ്ണിന്റെ കാഴ്ച നഷ്ടമായതായി കണ്ടെത്തിയത്. തുടര്‍ന്ന് സഹര്‍സ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് ഇയാളെ മാറ്റി.