ഡല്‍ഹി പരാജയം: ആത്മ പരിശോധനക്ക് തയ്യാറെന്ന് എ എ പി

Posted on: April 30, 2017 11:45 am | Last updated: April 30, 2017 at 12:26 pm

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പരാജയമറിഞ്ഞതിന് പിന്നാലെ സ്വയം വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. ട്വീറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് കെജ്‌രിവാള്‍ അഭിപ്രായം രേഖപ്പെടുത്തിയത്. തങ്ങള്‍ക്ക് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ആത്മപരിശോധനക്ക് ഈ അവസരം വിനിയോഗിക്കുമെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. തെറ്റുകള്‍ തിരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി വളണ്ടിയര്‍മാരോടും വോട്ടര്‍മാരോടും സംസാരിക്കുകയായിരുന്നു. ഇനി ഒഴിവുകഴിവുകള്‍ പറയാനുള്ള സമയമല്ലെന്നും പ്രവൃത്തിയാണ് ആവശ്യമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പറേഷനുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എ എ പിയെ പിന്നിലാക്കി ബി ജെ പി വന്‍ വിജയമാണ് കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനത്തെത്താന്‍ മാത്രമാണ് ആം ആദ്മിക്ക് കഴിഞ്ഞിരുന്നത്. ഗോവ, പഞ്ചാബ് സംസ്ഥാന തിരഞ്ഞെടുപ്പുകളിലും വിജയം നേടാമെന്ന് ആം ആദ്മി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇരു സംസ്ഥാനങ്ങളിലും നിരാശയായിരുന്നു ഫലം.