കോടനാട് എസ്റ്റേറ്റിലെ മോഷണം: എട്ട് പേര്‍ അറസ്റ്റില്‍; ജയയുടെ സ്വത്ത് വിവരങ്ങള്‍ കവര്‍ന്നതായി സംശയം

Posted on: April 29, 2017 5:05 pm | Last updated: April 30, 2017 at 1:18 am

പാലക്കാട്/കോയമ്പത്തൂര്‍: ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ മോഷണവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ അറസ്റ്റില്‍. തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തു. ജയലളിതയുടെ രഹസ്യരേഖകള്‍ മോഷ്ടിക്കാനാണ് പ്രതികളെത്തിയതെന്നും പോലീസ് സംശയിക്കുന്നുണ്ട്. ജയലളിതയുടെയും ശശികലയുടെയും സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്യൂട്ട്‌കേസ് കവര്‍ച്ചക്കിടെ നഷ്ടപ്പെട്ടതായും സംശയമുണ്ട്. പിടിയിലായവരെല്ലാം ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ആണെന്ന് പോലീസ് പറഞ്ഞു. കേസിലെ ഒന്നാം പ്രതി കനകരാജ് കഴിഞ്ഞദിവസം ബൈക്ക് അപകടത്തില്‍ മരിച്ചതിന് പിന്നാലെ രണ്ടാം പ്രതി കെ വി സയനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം പാലക്കാട്ട് അപകടത്തില്‍പെട്ടിരുന്നു. ഇന്ന് രാവിലെ അഞ്ചോടെ പാലക്കാട് കണ്ണാടിയിലാണ് സയന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. സയന് ഒപ്പമുണ്ടായിരുന്ന ഭാര്യയും മകളും അപകടത്തില്‍ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ് കോയമ്പത്തൂരില്‍ ചികിത്സയിലുള്ള സയനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വാഹനം അപകടത്തില്‍ പെടുത്തിയതാകാമെന്നും പോലീസ് സംശയിക്കുന്നു. സയന്റെ ഭാര്യയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ കഴുത്തറുത്ത നിലയിലായിരുന്നു. കാര്‍ അപകടത്തില്‍ പെടുന്നതിന് മുമ്പെ ഇവര്‍ മരിച്ചിരുന്നതായാണ് സംശയം.