ചിദംബരത്തിന്റെ ബോധ്യം രാജ്‌നാഥിനും

Posted on: April 27, 2017 6:01 am | Last updated: April 26, 2017 at 11:06 pm

മാവോവാദികള്‍ക്കെതിരായ സര്‍ക്കാര്‍ നയം പുനഃപരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഛത്തിസ്ഗഢിലെ സുക്മ ജില്ലയില്‍ നടന്ന മാവോവാദി ആക്രമണത്തിന് പിന്നാലെയാണ്, ആവശ്യമെങ്കില്‍ നയം മാറ്റുമെന്നും ഇതുസംബന്ധിച്ചു ആലോചിക്കാന്‍ മാവോവാദി ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളുടെ യോഗം മെയ് എട്ടിന് വിളിച്ചു ചേര്‍ക്കുമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചത്. സൈന്യം മാത്രം വിചാരിച്ചാല്‍ നക്‌സല്‍ ഭീഷണി ഇല്ലാതാക്കാന്‍ കഴിയില്ല. ശക്തി പ്രയോഗിക്കുന്നതോടൊപ്പം മാവോയിസത്തിന്റെ വളര്‍ച്ചക്കും സായുധ വിപ്ലവത്തിനും പിന്നിലുള്ള മറ്റു കാരണങ്ങളെന്തൊക്കെയെന്ന് പരിശോധിച്ചു പരിഹാരം കാണേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സാമ്പത്തികവും സാമൂഹികവും മാനസികവുമായ കാരണങ്ങളുണ്ടെങ്കല്‍ അത് പരിഹരിക്കേണ്ടതാണ്. ഛത്തിസ്ഗഢിലെ സുക്മ ജില്ലയില്‍ തിങ്കളാഴ്ച നടന്ന മാവോവാദി ആക്രമണത്തില്‍ 25 സി ആര്‍ പി എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.
പശ്ചിമ ബംഗാളിലെ നക്‌സല്‍ബാരിയില്‍ 1960കളിലാണ് മാവോയിസം രൂപം കൊണ്ടത്. സായുധാക്രമണങ്ങള്‍ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമായി സ്വീകരിച്ച മാവോയിസത്തെ നേരിടാന്‍ സര്‍ക്കാര്‍ തുടക്കം മുതലേ പോലീസ്, സൈനിക നടപടികള്‍ സ്വീകരിച്ചെങ്കിലും അവര്‍ അനുദിനം ശക്തിപ്രാപിക്കുകയായിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ആദിവാസി മേഖലകള്‍ വിശേഷിച്ചും വികസനത്തില്‍ വളരെ പിന്നാക്കമാണ്. വൈദ്യുതിയോ സ്‌കൂളുകളോ ആശുപത്രികളോ ഇല്ലാത്ത റേഷന്‍ കാര്‍ഡുകള്‍, കടകള്‍, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ,് മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയെല്ലാം നാട്ടുകാര്‍ക്ക് കേവലം കേട്ടുകേള്‍വി മാത്രമായ പ്രദേശങ്ങള്‍ നിരവധിയുണ്ട്. ശതകോടികളാണ് ആദിവാസി കോളനികള്‍ക്ക് സര്‍ക്കാറുകള്‍ ഓരോ വര്‍ഷവും അനുവദിക്കുന്നതെങ്കിലും അതിന്റെ സിംഹ ഭാഗവും ഉദ്യോഗസ്ഥരും ഇടത്തട്ടുകാരും തട്ടിയെടുക്കുന്നു. ഝാര്‍ഖണ്ഡിലെ ഗ്രാമീണ മേഖലകള്‍ സന്ദര്‍ശിച്ചു ജനങ്ങളുടെ ജീവിതസ്ഥിതി നേരിട്ടുകണ്ടു മനസ്സിലാക്കിയ തെഹല്‍കാ ലേഖകന്‍ അജിത് സാഹി അവിടുത്തെ കൊടിയ പിന്നാക്കാവസ്ഥയും ജനങ്ങളുടെ ദുരിത ജീവിതവും വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമ്പും വില്ലുമേന്തിയ കാടുകളില്‍ താമസിച്ചു കാട്ടുകിഴങ്ങുകള്‍ ശേഖരിച്ചും വേട്ടയാടിയും ജീവിച്ചു വരുന്ന ആദിവാസികളെ മാവോവാദികളെന്ന് തെറ്റിധരിച്ചു സൈന്യം വെടിവെച്ചു കൊന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നബാധിത പ്രദേശത്ത് സൈനികര്‍ അമിതാധികാരം പ്രയോഗിക്കുന്നതായി സുപ്രീംകോടതി തന്നെ സന്ദേഹം പ്രകടിപ്പിച്ചതാണ്. വ്യാജ ഏറ്റുമുട്ടല്‍ കൊലകളും ഈ പ്രദേശങ്ങളില്‍ സാധാരണമാണ്.
മുതലാളിത്ത വികസന നയത്തിന്റെ ഏറ്റവും വലിയ ഇരകളും ഈ ഗ്രാമീണരും ആദിവാസികളുമാണ്. വന്‍കിട പദ്ധതികളുടെ നടത്തിപ്പിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന ഇവര്‍ പിന്നീട് വഴിയാധാരമാകുന്നു. ആദിവാസി ജനതയുടെ ഈ ദുരിത പൂര്‍ണമായ സാഹചര്യത്തെ സമര്‍ഥമായി ചൂഷണം ചെയ്യുകയാണ് മാവോവാദികള്‍. ആദിവാസി സംരക്ഷകരായാണ് അവര്‍ രംഗത്ത് വരുന്നത്. സര്‍ക്കാര്‍ പിന്തുണയോടെയും നിയമസംരക്ഷണത്തോടെയും കുത്തക കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റത്തിനെതിരെയും ആവാസവ്യവസ്ഥക്കു നേരെയുള്ള ആഘാതത്തിനെതിരെയും ചെറുത്തുനില്‍പ്പ് സമരങ്ങളിലും മാവോചിന്തകര്‍ മുന്‍നിരയില്‍ നിലയുറപ്പിക്കുന്നു. ഇത്തരം തന്ത്രങ്ങളാണ് ഗ്രാമീണ, ആദിവാസി ജനതക്കിടയില്‍ സ്വാധീനം നേടാന്‍ അവരെ സഹായിക്കുന്നത്. സര്‍ക്കാറില്‍ പ്രതീക്ഷ നഷ്ടപ്പെട്ട ഈ പിന്നാക്ക വിഭാഗക്കാര്‍ മാവോവാദികളെ സംരക്ഷകരായി കാണുന്നത് സ്വാഭാവികം. നിലവില്‍ രാജ്യത്ത് ഇരുപതോളം സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുണ്ട്. ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ബീഹാര്‍, ഒറീസ്സ എന്നിവിടങ്ങളില്‍ അവരുടെ വേരുകള്‍ ശക്തവുമാണ്.
സൈനിക നടപടികള്‍ക്കപ്പുറം ഗ്രാമങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുകയും അടിസ്ഥാന വികസനം ഉറപ്പ് വരുത്തുകയും വഴി ഗ്രാമീണരുടെയും ആദിവാസികളുടെയും വിശ്വാസം ആര്‍ജിക്കുന്നതിലൂടെ മാത്രമേ മാവോവാദികളെ പ്രതിരോധിക്കാനാവുകയുള്ളൂ. ചര്‍ച്ചകളിലൂടെയും രാഷ്ട്രീയ നടപടികളിലൂടെയുമാണ് പ്രശ്‌നം പരിഹരിക്കേണ്ടത്. 2010ല്‍ യു പി എ സര്‍ക്കാര്‍ ഭരണ കാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രി പി ചിദംബരം ഇക്കാര്യം തുറന്നുസമ്മതിച്ചിട്ടുണ്ട്. മാവോവാദികള്‍ക്കെതിരായ നടപടികളില്‍ സര്‍ക്കാറിന് പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. അവ തിരുത്തുമെന്നും മാവോവാദിവിരുദ്ധനടപടികള്‍ക്ക് സൈന്യത്തെ ഉപയോഗിക്കില്ലെന്നും പശ്ചിമബംഗാളിലെ മാവോവാദികേന്ദ്രമായ ലാല്‍ഗഡ് സന്ദര്‍ശിക്കവെ അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ കേവല പ്രഖ്യാപനമല്ലാതെ അതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ യു പി എ സര്‍ക്കാറില്‍ നിന്നുണ്ടായില്ല. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സൈനികാതിക്രമങ്ങള്‍ പിന്നെയും തുടരുകയും ചെയ്തു. ചിദംബരത്തിന് ബോധ്യപ്പെട്ട കാര്യം രാജ്‌നാഥ് സിംഗിനും ബോധ്യമായിട്ടുണ്ട്. അതിനനുസൃതമായി തുടര്‍ നടപടികളുണ്ടാകുമോ എന്നതാണ് പ്രശ്‌നം. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സൈന്യത്തിന് നല്‍കിയ പ്രത്യേകാധികാരം പിന്‍വലിക്കുകയായിരിക്കണം ഈ വഴിക്കുള്ള ആദ്യനടപടി. മാവോ നേതൃത്വങ്ങളുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും സര്‍ക്കാര്‍ മുന്‍കൈയെടുക്കേണ്ടതുണ്ട്.