Connect with us

Articles

പാപ്പാത്തിചോലയിലെ കുരിശും രാഷ്ട്രീയത്തിലെ തടങ്കല്‍പാറകളും

Published

|

Last Updated

പാപ്പാത്തിചോലയിലെ കോണ്‍ക്രീറ്റ് കുരിശ് അടിച്ചു പൊളിച്ചതിലല്ല ഇപ്പോള്‍ എല്ലാവരും തെറ്റുകാണുന്നത്. അതു ചെയ്ത രീതി ശരിയായില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണമാണ് മാധ്യമ ചര്‍ച്ചക്കാര്‍ വിചാരണ ചെയ്യുന്നത്. ഇത് സഖാവ് പിണറായിയുടെ ജാതകദോഷം കൊണ്ടാണെന്ന് പറയേണ്ടി വരും. അദ്ദേഹം എന്തു പറഞ്ഞാലും എന്തു ചെയ്താലും അതിലെല്ലാം കേരളത്തിലെ മാധ്യമ പിള്ളേര്‍ കുറ്റം കാണും.
“ചിരിച്ചാല്‍ ചിന്താശൂന്യന്‍,
ചിന്തിച്ചാല്‍ ഭ്രാന്തന്‍,
തേങ്ങി കരഞ്ഞാല്‍ സൈ്വര്യം കൊല്ലി
എപ്പോഴും കുറ്റം കാണും ലോകം”
എന്നു ചങ്ങമ്പുഴ പണ്ടെഴുതിയത് ഇപ്പോള്‍ നമ്മുടെ മുഖ്യമന്ത്രിയുടെ അനുഭവം കൂടിയായിരിക്കുന്നു. ഇനി പിണറായി ഈ കാര്യത്തില്‍ മൗനം അവലംബിച്ചിരുന്നു എന്നു കരുതുക. എന്തായിരിക്കും പ്രതികരണം. കമ്യൂണിസ്റ്റുകള്‍, നിരീശ്വരവാദികള്‍, മതചിന്തകളെ അവഹേളിക്കുന്നവര്‍. അഖില ലോകദൈവവിശ്വാസികളേ സംഘടിക്കൂ, ഈ ഇടതുപക്ഷ സര്‍ക്കാറിനെ പുറത്താക്കൂ. ഇപ്പോള്‍ പാപ്പാത്തിചോലയിലെ കുരിശിനെ ഏകസ്വരത്തില്‍ തള്ളിപ്പറയുന്ന കുരിശുഭക്തന്മാരുടെ വികാരം ആകെ ഇളകി മറിഞ്ഞ് ആക്രോശിക്കുന്നത് നമ്മള്‍ കേള്‍ക്കേണ്ടി വരുമായിരുന്നു. ഒരു ഭരണാധികാരിക്ക് അത്യാവശ്യമായ അടവുതന്ത്രങ്ങളൊന്നും ആരും പിണറായിയെ പഠിപ്പിക്കേണ്ടതില്ല. അത്തരം ഒരടവു തന്ത്രമെന്ന നിലയില്‍ മാത്രം പിണറായി വിജയന്റെ പ്രതികരണത്തെ കാണുകയാണ് ബുദ്ധി. ഇങ്ങനെ പ്രതികരിച്ചത് ഒന്നുകില്‍ അടവുതന്ത്രങ്ങളുടെ ഭാഗമായ നാടകം കളി. അല്ലെങ്കില്‍ ചിലരെങ്കിലും സംശയിക്കുന്നതു പോലെ മൂന്നാറില്‍ ഏറെക്കാലമായി പുകഞ്ഞു കൊണ്ടിരിക്കുന്ന കൈയേറ്റം, കുടിയേറ്റം, ഒഴിപ്പിക്കല്‍, നിയമക്കുരുക്കുകള്‍, ഇതിനെല്ലാം ദീര്‍ഘകാല അവധി നല്‍കല്‍. വി എസ് അച്യുതാന്ദന്റെ ജെ സി ബി പാഞ്ഞുകയറിയത് സി പി ഐയുടെ ഓഫീസിലേക്കായിരുന്നല്ലോ.

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഒക്കെ അകമ്പടിയോടെ ദീര്‍ഘകാലമായി കേരളത്തിന്റെ മലമ്പ്രദേശങ്ങളെ തിന്നു തീര്‍ക്കുന്ന കൈയേറ്റ ലോബിയുമായി കേരള രാഷ്ട്രീയം യു ഡി എഫ്, എല്‍ ഡി എഫ്, ഭേദമില്ലാതെ കെട്ടുപിണഞ്ഞു കിടക്കുന്നു. അതുകൊണ്ടായിരിക്കുമല്ലോ, സര്‍ക്കാറിപ്പോള്‍ മേല്‍നടപടികളെക്കുറിച്ചാലോചിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കുന്നതും സഭാമേലാധ്യക്ഷന്‍മാരുമായിട്ടും മാധ്യമ പ്രമുഖന്മാരുമായിട്ടും ആലോചിച്ച് തീരുമാനം പറയുമെന്നുമുള്ള നിലപാട് സ്വീകരിച്ചിരിക്കുന്നത്.
എന്നാല്‍, കുരിശിനെ മറയാക്കിയുള്ള ഭൂമി കൈയേറ്റത്തിന്റെ കാര്യം അങ്ങനെയങ്ങ് അവഗണിക്കാവുന്നതല്ല. ഇതില്‍ അന്തര്‍ലീനമായിരിക്കുന്ന ചരിത്രവും ഭൂമിശാസ്ത്രവും മാത്രമല്ല, ഇതിന്റെ ദൈവശാസ്ത്രവും തലനാരിഴ കീറി പരിശോധിക്കാനുള്ള അവസരമാണ് “യേശുവിന്റെ ആത്മാവില്‍” എന്ന പുതിയ ക്രൈസ്തവ സഭയുടെസ്ഥാപക നേതാവായ ടോം സക്കറിയ നമുക്കു മുമ്പില്‍ തുറന്നു വെച്ചിരിക്കുന്നത്. പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കുരിശിനെ പേടിക്കാതെ പറ്റില്ല. കാരണം 1957-ലെ പ്രഥമ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരെ ഇവിടുത്തെ വലതുപക്ഷ മതയാഥാസ്ഥിതിക ശക്തികള്‍ സമര്‍ഥമായി ഉപയോഗിച്ച ഒരായുധമായിരുന്നല്ലോ കുരിശ്. കുരിശു പിടിച്ച് തഴമ്പിച്ച കൈകളാണ് അന്ന് ഇ എം എസ് സര്‍ക്കാറിനെ താഴെയിറക്കാന്‍ കുറുവടിയില്‍ കെട്ടിയ മൂവര്‍ണക്കൊടിയുമായി തെരുവിലിറങ്ങിയതും മുദ്രാവാക്യം മുഴക്കിയതും. ക്രമസമാധാന നില തകര്‍ന്നു എന്നാരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇ എം എസ് ഗവണ്‍മെന്റിനെ ജനാധിപത്യ വിരുദ്ധമായ രീതിയില്‍ കശാപ്പു ചെയ്യുകയായിരുന്നു. ഇപ്പോഴത്തെ കോണ്‍ഗ്രസ് ലീഗ് നേതാക്കളില്‍ ഏറെ പേരും വള്ളിനിക്കറിട്ടു നടന്ന അക്കാലത്തെ കുറിച്ച് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ചേട്ടന് നല്ല ഓര്‍മയുണ്ട്.

അതുകൊണ്ടാണല്ലോ മൂന്നാറിലെ പാപ്പാത്തിചോലയിലെ കുന്നിന്‍ മുകളില്‍ അനാഥ പ്രേതമായി പ്രത്യക്ഷപ്പെട്ട കുരിശിന്റെ നെഞ്ചു പൊളിക്കുന്നത് കണ്ട് അദ്ദേഹത്തിന്റെ വികാരം വ്രണപ്പെട്ടത്. പക്ഷേ, അദ്ദേഹത്തിന്റെ സഭയുടെ നിരണം ഭദ്രാസനമെത്രോപൊലിത്ത നല്ല വിവരവും വിദ്യാഭ്യാസവും ഉള്ള ഗീവര്‍ഗീസ്മാര്‍കുറിലോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത് “ഇത്തരം കുരിശുകള്‍ പൊളിച്ചതില്‍ ഏറെ സന്തോഷിക്കുക യേശുക്രിസ്തു ആയിരിക്കു”മെന്നാണ്.
അല്ലെങ്കില്‍, തന്നെ ഈ കുരിശും യേശുവും തമ്മില്‍ എന്തു ബന്ധമാണുള്ളത്? അദ്ദേഹത്തെ കൊല്ലാന്‍ വേണ്ടി റോമാക്കാര്‍ പണിത കൊലമരമായിരുന്നല്ലോ കുരിശ്. ഈ സാധനത്തെ ഒരു പൂജാവിഗ്രഹമാക്കിയതും റോമാക്കാര്‍ തന്നെയായിരുന്നു. യേശുവിനെ വധശിക്ഷക്കു വിധിച്ച റോമന്‍ ഭരണകൂടത്തിന്റെ അനന്തരാവകാശിയായി നാടുവാണ കോണ്‍സ്‌ന്റൈനും അദ്ദേഹത്തിന്റെ മാതാവ് ഹെീലന രാജ്ഞിയും ചേര്‍ന്നാണ് ദൈവത്തിനും യേശുവിനും പകരം കുരിശിനെ ആരാധിക്കുക എന്ന ഉത്തരവ് ക്രിസ്ത്യനികള്‍ക്ക് മേല്‍ അടിച്ചേല്‍പിച്ചത്. ക്രൈസ്തവ സഭയില്‍ നിന്നു യേശു പുറത്താകുകയും കുരിശ് ആ സ്ഥാനം കൈയടക്കുകയും ചെയ്തു. കുരിശുകള്‍ പലവിധമുണ്ട്. സ്വര്‍ണകുരിശ്, വെള്ളിക്കുരിശ്, മരക്കുരിശ്, കല്‍ക്കുരിശ്, കോണ്‍ക്രീറ്റ് കുരിശ്, പ്ലാസ്റ്റിക് കുരിശ് ഇങ്ങനെ പലതരം. ഇവയില്‍ ഏറ്റവും അപകടകാരിയായത് കോണ്‍ക്രീറ്റ് കുരിശാണ്. അതു പിഴുതുമാറ്റാന്‍ ജെ സി ബിക്കു പോലും കഴിയില്ലെന്നാണല്ലോ പാപ്പാത്തിചോലയിലെ കൈയേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് കേരളത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.
പിണറായി വിജയന്‍ ഭയപ്പെടുന്നതു പോലെ കെ സി ബി സി സംഘമോ വ്യവസ്ഥാപിത സഭകളിലെ അധ്യക്ഷപദവി കൈയാളുന്നവരോ, ഏറെയൊന്നും വൃണപ്പെട്ടു കണ്ടില്ല. വളരെ നല്ലത്! പക്ഷേ, ഒരു കാര്യം മറക്കരുത്, മുഖ്യധാരാ സഭാവിഭാഗങ്ങള്‍ കുടത്തില്‍ നിന്നു തുറന്നു വിട്ട ഭൂതങ്ങളാണ് ഇപ്പോഴത്തെ ഈ കുരിശ് പാപ്പാത്തിചോലയില്‍ സ്ഥാപിച്ചതും ചുറ്റുപാടും ഷെഡ്ഡുകെട്ടി സ്ഥലം വളച്ചെടുത്തെന്ന് ആരോപിക്കപ്പെടുന്നതും ആയ സ്പിരിറ്റ് ഇന്‍ ജീസസ്സ് പ്രസ്ഥാനം പോലെയുള്ള ആത്മീയ ആള്‍ക്കൂട്ടങ്ങള്‍. അതു കൊണ്ടാണ് കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന നിലയില്‍ സഭാനേതാക്കള്‍ പലരും വിഷയത്തോട് വളരെ മൃദുവായി പ്രതികരിച്ചത്.

ലോകത്താകമാനം യേശുക്രിസ്തുവിന്റെ പേരു പറഞ്ഞ് പ്രവര്‍ത്തിക്കുന്ന രണ്ടായിരത്തിലേറെ സഭാവിഭാഗങ്ങള്‍ ഉണ്ട്. അവയില്‍ ഇരുന്നൂറോളം സഭകള്‍ക്കെങ്കിലും കേരളത്തില്‍ ശാഖകളുണ്ട്. അതുകൊണ്ട് തന്നെ ഒരു ആലഞ്ചേരിക്കോ കുറിലോസിനോ മാത്രമായി ക്രിസ്ത്യാനികളുടെ വക്താക്കളെന്ന നിലയില്‍ സംസാരിക്കാവുന്ന അവസ്ഥ ഇന്ന് നിലവില്‍ ഇല്ല. അവരാരെങ്കിലും തങ്ങളെ പ്രതിനിധീകരിക്കുന്നു എന്ന ധാരണയും ഇന്ന് ക്രിസ്ത്യാനികളുടെ ഇടയിലില്ല. അവരുടെ അഭിപ്രായങ്ങള്‍, അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമായിട്ടേ നല്ലപങ്ക് ക്രിസ്ത്യാനികളും കാണുന്നുള്ളൂ. ഇത് മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഉപദേശിമാരും അടങ്ങുന്ന കമ്മ്യൂണിസ്റ്റു നേതാക്കളില്‍ ഒരു വിഭാഗം പാപ്പാത്തിചോലയിലെ തകര്‍ക്കപ്പെട്ട കുരിശിന്റെ പാപഭാരം സ്വന്തം ശിരസ്സില്‍ ചുമക്കാന്‍ സന്നദ്ധരായി രംഗത്തു വന്നതും ദേവികുളം സബ്കലക്ടറേയും അദ്ദേഹം ഉപയോഗിച്ച ജെ സി ബി എന്ന യന്ത്രത്തെയും ബലിയാടുകളാക്കി “ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ലെ”ന്നു പറഞ്ഞ് പരസ്യമായി കൈകഴുകിയ പീലാത്തോസിനെ പോലെ സ്വന്തം കൈകളുടെ പരിശുദ്ധി വിശ്വാസികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതും. ഇതു വഴി തങ്ങളാണ് യഥാര്‍ഥ കൈയേറ്റവിരുദ്ധര്‍ എന്ന് മേനി ചമയാനുള്ള അവസരവും റവന്യൂ മന്ത്രിയുടെ പാര്‍ട്ടിക്ക് കൈവന്നിരിക്കുന്നു.
മുഖ്യമന്ത്രിയെ ഇത്രമേല്‍ ഭയപ്പെടുത്തതക്കതായി ഒരു കോണ്‍ക്രീറ്റ് കുരിശില്‍ എന്തിരിക്കുന്നു? കുരിശ് ഒരു ആരാധ്യ വസ്തുവായി ബൈബിളിലൊരിടത്തും പറയുന്നില്ല. ആദിമ നൂറ്റാണ്ടിലെ പൗരസ്ത്യ സഭകളില്‍ കുരിശും അതില്‍ തൂങ്ങപ്പെട്ട യേശുവും എന്ന വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടിരുന്നില്ലെന്നു മാത്രമല്ല, ഈ വഴിയുള്ള പരിശ്രമങ്ങളെ പരസ്യമായി എതിര്‍ക്കുക തന്നെ ചെയ്തിരുന്നു. വിഗ്രഹധ്വംസനം പൗരസ്ത്യസഭകളിലെ ഒരു സജീവപ്രസ്ഥാനം തന്നെ ആയിരുന്നു. കേരളത്തിലെ സീറൊ മലബാര്‍ സഭ വൈകിയാണെങ്കിലും ഇത് തിരിച്ചറിയുകയും – പള്ളികളില്‍ നിന്ന് പോര്‍ട്ടുഗീസുകാര്‍ സ്ഥാപിച്ച തൂങ്ങപ്പെട്ട രൂപമുള്ള കുരിശു എടുത്തുമാറ്റാനും പകരം -ത്രിത്വ കുരിശ് എന്ന് വിളിക്കുന്ന നാലു ദിക്കുകളിലേക്കും കതിരുകള്‍ വീശി നില്‍ക്കുന്നതും അടിഭാഗം താമരപ്പൂവിന്റെ ആകൃതിയുള്ള ഒരു പ്രതലത്തില്‍ ഉറപ്പിച്ചു നിറുത്തിയിരിക്കുന്നതുമായ തരത്തില്‍ തീര്‍പ്പിച്ച പേര്‍ഷ്യന്‍ കുരിശു സ്ഥാപിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. വിശ്വാസികളുടെ ഭാഗത്ത് നിന്നുള്ള രൂക്ഷമായ എതിര്‍പ്പു നിമിത്തം ഇതുദ്ദേശിച്ച ഫലം കണ്ടില്ല. താമര കുരിശ്, ബി ജെ പി കുരിശ് എന്നൊക്കെ ആക്ഷേപിക്കപ്പെട്ട ഈ നവാഗത കുരിശാണ് ഇപ്പോഴും ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലംചേരി അധ്യക്ഷനായുള്ള സീറൊ മലബാര്‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക ചിഹ്നം. ഈ കുരിശിന് യേശു തൂങ്ങപ്പെട്ടു എന്നു പറയുന്ന കുരിശുമായി യാതൊരു ബന്ധവും ഇല്ല. പേര്‍ഷ്യന്‍ സൂര്യാരാധനാ മതക്കാര്‍ ക്രിസ്തുമതത്തിലെക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് മുമ്പ് അവരുടെ ക്ഷേത്രങ്ങളിലെ ശ്രീകോവിലുകളില്‍ പ്രതിഷ്ഠിച്ചിരുന്ന സൂര്യവിഗ്രഹമായിരുന്നു ഈ താമരക്കുരിശെന്നു കുരിശിന്റെ ദൈവശാസ്ത്രം പഠിച്ചവര്‍ക്ക് അറിയാം.
മേലാകാശത്തിലെങ്കിലും താഴെ ഭൂമിയിലെങ്കിലുമുള്ള യാതൊന്നിന്റെയും രൂപമോ പ്രതിമയോ സാദൃശ്യമോ ഉണ്ടാക്കുകയോ വന്ദിക്കുകയോ ചെയ്യരുതെന്ന മോശൈക ന്യായപ്രമാണം തങ്ങള്‍ക്ക് ബാധകമല്ലെന്ന് ഒരു ക്രൈസ്തവ വിഭാഗക്കാരും ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.

എന്നിട്ടും എന്തിന് ഇവര്‍ ഈ കുരിശ് ചുമക്കുന്നു എന്ന് മനസ്സിലാകുന്നില്ല. എം എം മണിയുടെ ശരീരഭാഷയും അധരഭാഷയും എന്തുമാകട്ടെ അദ്ദേഹം കുരിശടി പൊളിച്ച നടപടിക്കെതിരെ പറഞ്ഞ ഒരു കാര്യം തള്ളിക്കളയാവുന്നതല്ല. കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ കേരള ചരിത്രം പരിശോധിച്ചാല്‍ ഇവിടുത്തെ വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിക്കപ്പെട്ടിട്ടുള്ള മതചിഹ്നങ്ങളോ ശ്രീനാരായണ വിഗ്രഹങ്ങളോ എന്തിന് കൈപ്പത്തി മുതല്‍ അരിവാള്‍ ചുറ്റിക നക്ഷത്രം, താമര മുതലായ രാഷ്ട്രീയ ചിഹ്നങ്ങളോ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് പട്ടയരഹിതമായ സ്ഥലത്താണെന്ന് ആര്‍ക്കാണറിയാത്തത്?
(അവസാനിക്കുന്നില്ല)
9446268581

 

---- facebook comment plugin here -----

Latest