Connect with us

International

ചൈനയില്‍ അറബി പേരുകള്‍ക്ക് വിലക്ക്

Published

|

Last Updated

ബീജിംഗ്: ചൈനയില്‍ കുട്ടികള്‍ക്ക് അറബി പേരുകള്‍ ഇടുന്നതിന് നിരോധം. ഇസ്‌ലാം മതവുമായി ബന്ധമുള്ള പേരുകളാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍ നിരോധിച്ചത്. ഇസ്‌ലാം, ഖുര്‍ആന്‍, മക്ക, ജിഹാദ്, ഇമാം, സദ്ദാം, ഹജ്ജ്, മദീന തുടങ്ങിയ പേരുകള്‍ക്കാണ് നിരോധം. നിരോധിച്ച പേരുകളുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കില്ലെന്നും ഇത്തരം കുട്ടികളുള്ള വീടുകള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാറിന്റെ ഒരു ആനുകൂല്യവും ഇത്തരം പേരുകളുള്ള കുട്ടികള്‍ക്ക് ഉണ്ടാകില്ല.
തീവ്രവാദത്തെ എതിര്‍ക്കുന്നതിന്റെ ഭാഗമായാണ് പേരുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് ചൈനീസ് സര്‍ക്കാറിന്റെ ന്യായീകരണം. അതേസമയം രാജ്യത്ത് മതസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മനുഷ്യാവകാശ സംഘടനകള്‍ ഇതിനെ ചൂണ്ടിക്കാട്ടുന്നു.

ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ സിന്‍ജിയാംഗ് പ്രവിശ്യയില്‍ കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള പേരുകള്‍ ഇടുന്നത് പതിവാണ്.
ചൈനയുടെ മുസ്‌ലിംവിരുദ്ധ നയങ്ങള്‍ നിരന്തരമായി വരുന്നത് ഉയ്ഗൂര്‍, ഹാന്‍ മുസ്‌ലിം വിഭാഗത്തെ ചൊടിപ്പിക്കും. ഈ വിഭാഗങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സായുധ സംഘത്തെ പ്രകോപിപ്പിക്കാനും പുതിയ ഉത്തരവ് കാരണമാകും. ശിരോവസ്ത്രം ധരിക്കുന്നതിനും താടി വെക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി ഏപ്രില്‍ ഒന്നിന് ചൈനീസ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ മുസ്‌ലിം വിഭാഗങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായിരുന്നു ഈ ഉത്തരവ്. ദേശീയ ടിവിയും റേഡിയോയും വീക്ഷിക്കാതിരുന്നാല്‍ ശിക്ഷയുണ്ടാകുമെന്നും അന്നത്തെ ഉത്തരവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

 

---- facebook comment plugin here -----

Latest