ഉത്തരവ് ലംഘിച്ച് അധ്യാപകരുടെ ട്യൂഷനും പരിശീലനവും

Posted on: April 24, 2017 11:59 am | Last updated: April 24, 2017 at 11:44 am

കല്‍പ്പറ്റ: സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന അധ്യാപകര്‍ സ്വകാര്യ ട്യൂഷനും പ്രവേശന പരീക്ഷാ പരിശീലനവും നടത്തുരുതെന്ന വിദ്യാഭ്യാസ മന്ത്രിയുടെയും സര്‍ക്കാരിന്റെയും ഉത്തരവ് ലംഘിച്ച് വയനാട്ടില്‍ വ്യാപകമായ രീതിയില്‍ ട്യൂഷനും പ്രവേശന പരീക്ഷാ കോച്ചിംഗും നടക്കുന്നു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും അല്ലാതെയുമാണ് അവധിക്കാല കോച്ചിംഗും തീവ്രപരിശീലനവുമൊക്കെ നടക്കുന്നത്.ഹയര്‍ സെക്കന്‍ഡറികളിലെ സയന്‍സ് അധ്യാപകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിശീലനം.പിടിക്കപ്പെടാതിരിക്കാന്‍ അധ്യാപക തമ്മില്‍ സ്‌കുളുകള്‍ പരസ്പരം മാറിയാണ് ക്ലാസ്സെടുക്കുന്നത്. ചിലയിടങ്ങളില്‍ പി ടി എകളുടെ ഒത്താശയുമുണ്ട്.

തങ്ങളുടെ സ്‌കുളിലെ കുട്ടികള്‍ക്ക് മികച്ച രിശീലനം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പി.ടി.എ.കളെ ചാക്കിലാക്കിയത്. അയ്യായിരം രൂപ മുതല്‍ പതിനായിരം രൂപ വരെയാണ് എന്‍ട്രന്‍സ് കോച്ചിംഗിന് ഷീസായി വാങ്ങുന്നത്.ഇവരാരും സൗജന്യ പരിശീലനം നല്‍കുന്നുമില്ല. അവധിക്കാലത്തും ശനി ,ഞായര്‍ ദിവസങ്ങളിലുമാണ് കോച്ചിംഗ്.താല്‍പ്പര്യമില്ലാത്ത കുട്ടികളെ ഇന്റേണല്‍ മാര്‍ക്കിന്റെയും പ്രാക്ടിക്കല്‍ മാര്‍ക്കിന്റെയും പേര് പറഞ്ഞ് നിര്‍ബന്ധിച്ച് കോച്ചിംഗിന് ചേര്‍ക്കുന്നുണ്ട്. മുമ്പ് ഒരു തവണ പരാതി ഉയരുകയും വിദ്യാഭ്യാസ വകുപ്പ് ഇത് നിയന്ത്രിക്കുകയും ചെയ്തതാണ്. സംസ്ഥാന വ്യപകമായി ഇത്തരം പരിശീലനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടതും അധ്യാപക വ ട്യുഷന്‍ പാടില്ലന്ന ഉത്തരവ് ഇറക്കിയതും. എന്നാലിപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ അധ്യാപക ലോബി തിരിച്ചു വന്നിരിക്കുകയാണ്. വയനാട് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഇപ്പോള്‍ പ്രവേശന പരീക്ഷാ പരിശീലനവും ട്യൂഷനും നടക്കുന്നുണ്ട്. ശരാശരി നൂറ് കുട്ടികള്‍ വീതം ഓരോ സ്‌കൂളിലുമുണ്ട്. അംഗീകൃത പരിശീലന ഇതിനെതിരെ പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്. പ്രഗല്‍ഭരായ അധ്യാപകര്‍ പോലും തങ്ങളുടെ സ്‌കൂളില്‍ ഒരു കുട്ടിയെപ്പോലും സൗജന്യമായി പഠിപ്പിക്കുന്നില്ല. അനധികൃത പരിശീലനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം പരക്കെ ഉയര്‍ന്നിട്ടുണ്ട്. പ്രശ്‌നം വിദ്യാഭ്യാസ മന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ പ്പെടുത്തുമെന്ന് അംഗീകൃത പരിശീലന കേന്ദ്രങ്ങളുടെ പ്രതിനിധികള്‍ പറഞ്ഞു.സ്‌കൂളധ്യാപകര്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്താനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ഥി സംഘടനകള്‍.