റെയ്‌ന മിന്നി; ഗുജറാത്തിന് രണ്ടാം ജയം

Posted on: April 22, 2017 11:09 am | Last updated: April 22, 2017 at 11:10 am

കൊല്‍ക്കത്ത: നായകന്‍ സുരേഷ് റെയ്‌നയുടെ മിന്നുന്ന പ്രകടനത്തിന്റെ മികവില്‍ ഐ പി എല്ലില്‍ ഗുജറാത്ത് ലയണ്‍സിന് തകര്‍പ്പന്‍ ജയം. നാല് വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് ഗുജറാത്ത് കീഴടക്കിയത്. 188 റണ്‍സിന്റെ വിജയലക്ഷ്യത്തില്‍ പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ ഗുജറാത്ത് എത്തിച്ചേര്‍ന്നു.

46 പന്തില്‍ 84 റണ്‍സടിച്ചുകൂട്ടിയ റെയ്‌നയാണ് മാന്‍ ഓഫ് ദ മാച്ച്. ഒമ്പത് ബൗണ്ടറികളും നാല് സിക്‌സറുകളുമടങ്ങുന്നതായിരുന്നു റെയ്‌നയുടെ ഇന്നിംഗ്‌സ്. നേരത്തെ, 15 പന്തില്‍ 31 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും 17 പന്തില്‍ 33 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കെല്ലവും ചേര്‍ന്ന് ഓപണിംഗ് വിക്കറ്റില്‍ മികച്ച തുടക്കമാണ് ഗുജറാത്തിന് നല്‍കിയത്. പിന്നീടെത്തിയ ദിനേശ് കാര്‍ത്തിക്കും (മൂന്ന്), ഇശാന്‍ കിഷനും (നാല്), ഡ്വെയ്ന്‍ സ്മിത്തും (അഞ്ച്) പെട്ടെന്ന് മടങ്ങിയെങ്കിലും ഒരറ്റത്ത് റെയ്‌ന പൊരുതി. സ്‌കോര്‍ 180ല്‍ നില്‍ക്കെ റെയ്‌ന പുറത്തായെങ്കിലും ഗുജറാത്ത് വിജയ തീരത്തെത്തിയിരുന്നു.

ഐ പി എല്ലില്‍ ആറ് മത്സരങ്ങളില്‍ നിന്ന് ഗുജറാത്തിന്റെ രണ്ടാം ജയമാണിത്. ടോസ് ലഭിച്ച ഗുജറാത്ത് ആതിഥേയരായ കൊല്‍ക്കത്തയെ ആദ്യം ബാറ്റിംഗിന് അയച്ചു. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 187 റണ്‍സടിച്ചത്. 48 പന്തില്‍ 72 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയാണ് ടോപ് സ്‌കോറര്‍. എട്ട് ഫോറും രണ്ട് സിക്‌സറും ഉത്തപ്പയുടെ ഇന്നിംഗ്‌സിന് മാറ്റേകുന്നു. 17 പന്തില്‍ 42 റണ്‍സെടുത്ത സുനില്‍ നരെയ്‌നും 28 പന്തില്‍ 33 റണ്‍സെടുത്ത ഗൗതം ഗംഭീറും 21 പന്തില്‍ 24 നേടിയ മനീഷ് പാണ്ഡെയും കൊല്‍ക്കത്ത ബാറ്റിംഗില്‍ തിളങ്ങി. നാല് പന്തില്‍ പതിനൊന്ന് റണ്‍സുമായി യൂസുഫ് പത്താന്‍ പുറത്താകാതെ നിന്നു.