നിതിഷ് റാണ: മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ മാന്‍

Posted on: April 21, 2017 11:38 am | Last updated: April 21, 2017 at 11:38 am

ഇന്‍ഡോര്‍: ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ വിജയക്കുതിപ്പില്‍ നിര്‍ണായക റോള്‍ വഹിക്കുന്ന നിതിഷ് റാണയെന്ന 23 കാരനിലാണ് ആരാധക ശ്രദ്ധ ഏറെയും. കളിച്ച ആറ് മത്സരങ്ങളില്‍ മൂന്ന് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 255 റണ്‍സ് അടിച്ചുകൂട്ടിയ റാണ തന്നെയാണ് ഐ പി എല്‍ പത്താം സീസണിലെ റണ്‍വേട്ടക്കാരനില്‍ മുമ്പന്‍. 51 റണ്‍സ് ശരാശരിയും 142.45 സ്‌ട്രൈക്ക് റേറ്റുമായാണ് റാണ ഓറഞ്ച് ക്യാപ്പ് അണിയുന്നത്. സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ (239) പിന്നിലാക്കിയാണ് റാണ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലെത്തിയത്.

മുംബൈ ഇന്ത്യന്‍സിനായി അവസാന ആറ് ഇന്നിംഗ്‌സുകളില്‍ 62*,53,11,45, 50,34 എന്നിങ്ങനെയാണ് ഡല്‍ഹിക്കാരനായ താരം സ്‌കോര്‍ ചെയ്തത്. പൂനെ സൂപ്പര്‍ ജെയ്ന്റിനെതിരായ ആദ്യ മത്സരത്തിലൊഴികെ ആറില്‍ അഞ്ച് മത്സരങ്ങളും ജയിച്ച് മുന്നേറുന്ന മുംബൈയുടെ മധ്യനിരയിലെ ശക്തമായ സാന്നിധ്യം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 34 പന്തുകളില്‍ 62 റണ്‍സടിച്ച റാണ പുറത്താകാതെ നിന്നു. ഒരു ബൗണ്ടറി പോലും ഇല്ലാതെ ഏഴ് സിക്‌സറുകള്‍ പറത്തിയാണ് താരം മുംബൈയെ ജയത്തിലേക്ക് നയിച്ചത്. 29 പന്തുകളില്‍ അര്‍ധ സെഞ്ച്വറിയിലേക്ക് കുതിച്ചെത്തിയ ഈ ഇടംകൈയന്‍ ബാറ്റ്‌സമാന്‍ ബൗളര്‍മാരുടെ പേടിസ്വപ്നമായി മാറുകയാണ്. രണ്ടാം വിക്കറ്റില്‍ ജോസ് ബട്‌ലറുമായി ചേര്‍ന്ന് പടുത്തുയര്‍ത്തിയ 85 റണ്‍സ് മുംബൈ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി. മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും ഇതുതന്നെ.

ആകെ കളിച്ച 30 ട്വന്റി20 മത്സരങ്ങളില്‍ 32.36 ശരാശരിയില്‍ താരം 807 റണ്‍സ് നേടിയിട്ടുണ്ട്. 97 ആണ് മികച്ച സ്‌കോര്‍. 2015ല്‍ വിദര്‍ഭക്കെതിരെയായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം. മുഷ്താഖ് അലി ക്രിക്കറ്റില്‍ ഡല്‍ഹിക്ക് വേണ്ടി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ മുംബൈയുടെ ആദ്യ ഇലവനില്‍ താരം ഇടം കണ്ടെത്തുകയായിരുന്നു.