Connect with us

Kerala

റോഡ് അറ്റകുറ്റപ്പണി മെയ് 31നകം

Published

|

Last Updated

തിരുവനന്തപുരം: മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ മെയ് 31 നകം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ചീഫ്എന്‍ജിനീയര്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍മാര്‍, 14 ജില്ലകളില്‍ നിന്നുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായി. കേരളത്തിലെ 140 മണ്ഡലങ്ങളിലും പ്രീ-മണ്‍സൂണ്‍ പ്രവൃത്തികള്‍ നടത്തും. കഴിഞ്ഞ സാമ്പത്തികവര്‍ഷം എസ് എല്‍ ടി എഫില്‍ ഉള്‍പ്പെടുത്തി ചെയ്ത അറ്റകുറ്റപ്പണികള്‍ ഫലപ്രദമായ രീതിയില്‍ നടത്തിയതിനാല്‍ റോഡുകള്‍ താറുമാറായി കിടക്കുന്ന അവസ്ഥ ഈ വര്‍ഷം ഒരു പരിധി വരെ ഇല്ലാതായിട്ടുണ്ട്. അതിനാല്‍ ഈ വര്‍ഷവും സ്ട്രിപ്‌സ് ബി ടി ഉള്‍പ്പെടെ ചെയ്യാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്ലാന്‍, നബാര്‍ഡ്, സി ആര്‍ എഫ് തുടങ്ങിയ പ്രവൃത്തികള്‍ ഉള്ള ഭാഗങ്ങളില്‍ ആവര്‍ത്തനം വരാതിരിക്കാന്‍ ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. റോഡ് അറ്റകുറ്റപ്പണികള്‍ക്കൊപ്പം പ്രധാന കലുങ്കുകളില്‍ മണ്ണടിഞ്ഞു കിടക്കുന്നതും, അപകടകരമായ അവസ്ഥയിലുളള മരങ്ങളോ ചില്ലകളോ മുറിച്ചു മാറ്റുന്നതും ഈ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ഓടയിലെ മണ്ണു മാറ്റല്‍, റോഡരുകിലെ അടിക്കാട് വെട്ടല്‍ തുടങ്ങിയവ ബന്ധപ്പെട്ട പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും സഹകരണത്തോടെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കാന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെ സാധാരണയായി മഴക്കാലത്ത് റോഡുകളില്‍ നിര്‍മാണങ്ങള്‍ നിര്‍ത്തിവെക്കും. ഇക്കാലത്ത് പൊതുമരാമത്ത് റോഡുകളില്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിനോ, പൈപ്പിടുന്നതിനോ അതുപോലുളള മറ്റു കാര്യങ്ങള്‍ക്കോ അനുമതി നല്‍കില്ല. എന്നാല്‍ കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടുന്നത് ഉള്‍പ്പെടെയുളള അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അതുമായി ബന്ധപ്പെട്ട വകുപ്പിലെയും മരാമത്തു വകുപ്പിലെയും എന്‍ജിനീയര്‍മാര്‍ സംയുക്തമായി പരിശോധിച്ച് പരിഹാരം ഉണ്ടാക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു. ഈ വര്‍ഷം മുതല്‍ അറ്റകുറ്റപ്പണികളുടെ ചുമതലക്കായി രൂപവത്കരിച്ച മെയിന്റനന്‍സ് വിഭാഗം മഴക്കാല പൂര്‍വ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് രംഗത്തു വരുന്നതിനും തീരുമാനിച്ചു. 140 മണ്ഡലങ്ങള്‍ക്കും ഓരോ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. 130 മണ്ഡലങ്ങളില്‍ 10 ലക്ഷം രൂപ വീതവും പൊതുവില്‍ കേടുപാടുകള്‍ ഇല്ലാത്ത 10 മണ്ഡലങ്ങളില്‍ അഞ്ച് ലക്ഷം രൂപ വീതവും അനുവദിക്കാന്‍ തീരുമാനിച്ചു. അത്യാവശ്യമുള്ള പണികള്‍ മാത്രം ചെയ്യാനും, മണ്ഡലങ്ങളില്‍ അധികം വരുന്ന തുക, കൂടുതല്‍ തുക ആവശ്യമായി വരുന്ന മറ്റു മണ്ഡലങ്ങളില്‍ വിനിയോഗിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.