National
ആധാര്‍ വിവരങ്ങള്‍ ശേഖരിച്ച എട്ട് വെബ്‌സൈറ്റുകള്‍ക്ക് എതിരെ എഫ്‌ഐആര്‍

ന്യൂഡല്‍ഹി: പൗരന്മാരില്‍ നിന്ന് അനധികൃതമായി ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്ന എട്ട് വെബ്‌സൈറ്റുകള്‍ക്ക് എതിരെ യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) എഫ് ഐ ആര്‍ ഫയല്‍ ചെയ്തു. ആധാറുമായി ബന്ധപ്പെട്ട് വിവിധ സേവനങ്ങള്‍ നല്‍കിയിരുന്ന വെബ്‌സൈറ്റുകള്‍ക്ക് എതിരെയാണ് നടപടി. aadhaarupdate.com, aadhaarindia.com, pvcaadhaar.in, aadhaarprinters.com, geteaadhaar.com, downloadaadhaarcard.in, aadharcopy.in, and duplicateaadharcard.com. എന്നീ വെബ്‌സൈറ്റുകള്‍ക്ക് എതിരെയാണ് കേസെടുത്തത്.
ഇതില്‍ ഭൂരിഭാഗം വെബ്‌സൈറ്റുകളും ആധാര്‍ കാര്‍ഡുകള്‍ പിവിസി രൂപത്തിലേക്ക് മാറ്റി പ്രിന്റ് ചെയ്ത് നല്‍കുന്ന സര്‍വീസാണ് നല്‍കിയിരുന്നത്. പൗരന്മാരില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിച്ച് അവ പിവിസി കാര്‍ഡില്‍ പ്രിന്റ് ചെയ്ത് ഓണ്‍ലൈന്‍ വഴി അയച്ചുകൊടുക്കുകയാണ് ചെയ്തിരുന്നത്. 30 രൂപയാണ് ഇതിന് ഫീ ഈടാക്കിയിരുന്നത്. പോസ്റ്റല്‍ ചാര്‍ജ്ജ് ഉള്‍പ്പെടെ കാര്‍ഡ് ഒന്നിന് 90 രൂപയോളം ചാര്‍ജ് വരും.
ഇത്തരത്തില്‍ അനധികൃത സേവനം നടത്തിയിരുന്ന ചില വെബ്‌സൈറ്റുകള്‍ ടെലികോം മന്ത്രാലയം ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ പുതിയ പേരില്‍ ഇവ വീണ്ടും പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കേസുമായി മുന്നോട്ട് നീങ്ങാന്‍ തീരുമാനമായത്.