കുടിവെള്ളം കിട്ടാനില്ല: കിഴക്കന്‍മേഖല ദുരിതത്തില്‍

Posted on: April 19, 2017 12:45 pm | Last updated: April 19, 2017 at 12:28 pm

പാലക്കാട്: വേനല്‍ കനക്കുന്നതിനിടെ ജില്ലയുടെ കിഴക്കന്‍മേഖല പൂര്‍ണമായി വരണ്ടുണങ്ങി. വലിയ പഞ്ചായത്തുകളായ എലപ്പുള്ളി, പുതുശ്ശേരി ഉള്‍പ്പെടെ മേഖലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളും കടുത്ത കുടിവെള്ള ക്ഷാമത്തില്‍.
ചിറ്റൂര്‍ താലൂക്കും മലമ്പുഴ ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന കിഴക്കന്‍മേഖല വേനലിന്റെ പകുതി പിന്നിട്ടപ്പോള്‍ തന്നെ കൃഷിനാശത്താലും ജലക്ഷാമത്താലും ദുരിതത്തിലായി. വേനല്‍മഴയും കയ്യൊഴിഞ്ഞതോടെ മേഖലയിലെ നാലായിരം ഹെക്ടറിലേറെ നെല്‍കൃഷി ഇക്കുറി കരിഞ്ഞുണങ്ങി. ഏപ്രില്‍ പകുതി പിന്നിട്ടപ്പോള്‍ തന്നെ പ്രദേശങ്ങളിലെ 80% ജലസ്രോതസ്സുകളും വെള്ളം കിട്ടാതെ ഉപയോഗശൂന്യമായി. പുതുശ്ശേരിയിലും എലപ്പുള്ളിയിലുമാണു കൂടുതല്‍ നാശനഷ്ടം. കിഴക്കിന്റെ പുഴയായ കോരയാറും കഞ്ചിക്കോട്ടെ 24.34 ഏക്കറിലുള്ള വലിയേരിയും ആരോഗ്യമടവ് ഏരിയും വാളയാറിലെ കരിങ്കുളം ഏരിയും ഇക്കുറി വേനലിന്റെ തുടക്കത്തിലേ വറ്റിവരണ്ടു.

അന്‍പതിലേറെ കുളങ്ങളും വിവിധ പഞ്ചായത്തുകള്‍ക്കു കീഴിലുള്ള മുപ്പത്തിയഞ്ചില്‍പരം കുഴല്‍കിണറുകളും തുള്ളിവെള്ളമില്ലാതായി. മറ്റിടങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവു വേനല്‍ മഴ ലഭിച്ചതും കിഴക്കന്‍ പ്രദേശത്തിലാണ്. ഇതോടെ ഒട്ടുമിക്ക പാടശേഖര സമിതികളും രണ്ടാം വിളയും ഉപേക്ഷിക്കേണ്ട ഗതികേടിലാണ്.