19ാം നൂറ്റാണ്ടിന്റെ അവസാന ശ്വാസവും നിലച്ചു

Posted on: April 17, 2017 10:43 am | Last updated: April 17, 2017 at 3:48 pm

റോം: 19ാം നൂറ്റാണ്ടില്‍ ജനിച്ച അവസാനത്തെ വ്യക്തിയെന്ന അപൂര്‍വ ബഹുമതിക്ക് അര്‍ഹയായ ലോക മുത്തശ്ശി അന്തരിച്ചു. ഇറ്റലിയിലെ എമ്മ മൊറാനോയാണ് 117ാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞത്. 1899 നവംബര്‍ 29ന് ജനിച്ച എമ്മക്ക് രണ്ട് ലോകമഹായുദ്ധങ്ങളുടെയും ഇറ്റലിയിലെ ചരിത്ര സംഭവങ്ങളുടെയും സാക്ഷികൂടിയാണ്. ഒട്ടേറെ ത്യാഗപൂര്‍ണമായ ജീവിത വഴിയിലൂടെ സഞ്ചരിച്ച മൊറാനോ മുത്തശ്ശി ഒറ്റപ്പെട്ട ജീവിതമായിരുന്നു നയിച്ചത്.

രണ്ട് ഭര്‍ത്താക്കന്മാരുമായി ബന്ധം വേര്‍പ്പെട്ട ശേഷം ആരെയും ആശ്രയിക്കാതെ വര്‍ഷങ്ങളോളം ഒറ്റക്കാണ് എമ്മ ജീവിച്ചത്. ഇക്കാലയളവില്‍ ഫാക്ടറികളില്‍ മുതല്‍ ഹോട്ടലുകളില്‍ വരെ തൊഴിലാളിയായി. ഒന്നാം ലോകമഹാ യുദ്ധക്കാലത്ത് ഒന്നാമത്തെയും രണ്ടാം ലോകമഹായുദ്ധക്കാലത്ത് രണ്ടാം ഭര്‍ത്താവും എമ്മക്ക് നഷ്ടമാകുകയായിരുന്നു. രണ്ട് കോഴിമുട്ടയും ബിസ്‌ക്കറ്റും കഴിച്ചാണ് ജീവിതത്തിന്റെ അവസാന കാലത്ത് ഇവര്‍ കഴിഞ്ഞിരുന്നത്. ലോകമുത്തശ്ശിയുടെ ഈ ഭക്ഷണചര്യ ഏറെ ചര്‍ച്ചകള്‍ക്കിടവരുത്തിയിരുന്നു. കൂടുതല്‍ ഭക്ഷണം കഴിക്കാത്തതാണ് ഇവരുടെ ആയുസ് വര്‍ധിക്കാനുള്ള കാരണമെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞിരുന്നു.