ഖുല്‍ബുഷാന്‍ ജാദവിന്റെ വിവരങ്ങള്‍ അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Posted on: April 13, 2017 4:56 pm | Last updated: April 14, 2017 at 4:52 pm

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ വധശിക്ഷക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ ഖുല്‍ബുഷാന്‍ ജാദവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയില്ലെന്ന് വിദേശകാര്യമന്ത്രാലയം. ജാദവ് പാക്കിസ്ഥാനില്‍ എവിടെയാണെന്നോ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്തെന്നോ ഒരു വിവരവും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഇല്ല. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സഹായത്തോടെ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ജാദവിനെ തിരിച്ചുകൊണ്ടുവരുന്നതിനായി എല്ലാ നടപടിക്രമങ്ങളും നടത്തുന്നുണ്ട്. എന്തൊക്കെ നീക്കങ്ങളാണ് നടത്തുന്നത് എന്നത് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ഖുല്‍ബുഷാന്‍ ജാദവിനെ വധശിക്ഷക്ക് വിധിച്ചതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്. വധശിക്ഷ നടപ്പാക്കിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.