ദുരിതബാധിതരായ കുട്ടികളുടെ അവകാശ സംരക്ഷണത്തിന് നിര്‍ദേശം

Posted on: April 13, 2017 8:37 am | Last updated: April 13, 2017 at 1:15 pm

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാസര്‍കോട് ജില്ലയിലെ ബഡ്‌സ് സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ദുരിതബാധിതരുടെ ഭവനങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് നടത്തിയ തെളിവെടുപ്പിന് ശേഷമാണ് ദുരിത ബാധിതരായ കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചത്.

കാസര്‍കോട്ടെ ദുരിതബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച കമ്മീഷന്‍, പ്രശ്‌നവുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടപ്പാക്കിവരുന്ന സംവിധാനങ്ങള്‍ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ദുരിതബാധിതരായ കുട്ടികള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ വിവിധ സംവിധാനങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കിയ കമ്മീഷന്‍, ഇവ കുറേക്കൂടി കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി അതിന് സഹായകരമായ റിപ്പോര്‍ട്ട് ആണ് സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ എന്ന വിഷവസ്തു മനുഷ്യരിലും മറ്റ് ജീവജാലങ്ങളിലും സൃഷ്ടിക്കുന്നതും ഭാവിയില്‍ സൃഷ്ടിക്കാവുന്നതുമായ പ്രശ്‌നങ്ങളെക്കുറിച്ച് എപ്പിഡമോളജിക്കല്‍ പഠനം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. അനുബന്ധ രോഗാവസ്ഥകളെ എങ്ങനെ പ്രതിരോധിക്കാമെന്നതും പഠനവിധേയമാക്കണം. ഇതിന് ആവശ്യമായ സംവിധാനങ്ങള്‍ കാസര്‍കോട് കേന്ദ്രീകരിച്ച് ഒരുക്കണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്തു.

ദുരിതബാധിതപ്രദേശത്തെ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ ഡോക്റ്റര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവ ദുരിതബാധിതരെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാകയാല്‍ ഇവക്കാവശ്യമായ സംവിധാനങ്ങള്‍ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററുകളിലും ജില്ലാ- താലൂക്ക് ആശുപത്രികളിലും ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തണം. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളിലെയും ജില്ല- താലൂക്ക് ആശുപത്രികളിലേയും ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും സ്ഥലംമാറിപ്പോയാല്‍ പകരക്കാരെ യാതൊരു കാലതാമസവും കൂടാതെ നിയമിക്കണം. ദുരിതബാധിതര്‍ക്ക് സൗജന്യമായി മരുന്നു നല്‍കണം. ഇത് ഒരിക്കലും മുടങ്ങുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല.
ദുരിതബാധിതരുടെ പ്രത്യേകിച്ച് 18ല്‍ താഴെ പ്രായമുള്ളവരുടെ പുനരധിവാസം സാധ്യമാക്കുന്നതിനായി സ്ഥിതിവിവരക്കണക്കിന്റെ അടിസ്ഥാനത്തിലും ആവശ്യം കണക്കിലെടുത്തും കൂടുതല്‍ ബഡ്‌സ് സ്‌കൂളുകള്‍ വേണ്ടിവന്നാല്‍ ആരംഭിക്കണമെന്ന് കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. ബഡ്‌സ് സ്‌കൂളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വര്‍ഷത്തില്‍ ഒരു തവണയെങ്കിലും കാസര്‍കോട് ജില്ലയില്‍ വെച്ചുതന്നെ വിദഗ്ധ പരിശീലനം നല്‍കാന്‍ നടപടി സ്വീകരിക്കണം. ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്ക് ഭക്ഷണത്തിന് ഗ്രാന്‍ഡ് അടിയന്തരമായി വര്‍ധിപ്പിക്കണം. വാഹനസൗകര്യം ഇല്ലാത്ത സ്ഥലത്ത് നിന്ന് കുട്ടികളെ കൊണ്ടുവരുന്നതിന് അപ്രകാരം സ്ഥിതി ചെയ്യുന്ന ബഡ്‌സ് സ്‌കൂളുകള്‍ക്ക് ഓരോ ജീപ്പ് അനുവദിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ശിപാര്‍ശകളില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.