Connect with us

National

പ്രധാനമന്ത്രിയുടെ വരാണസിയിലെ ഓഫീസിന് മുന്നില്‍ ഇറച്ചി വ്യാപാരികളുടെ പ്രതിഷേധം

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണസിയിലെ ജനസമ്പര്‍ക്ക ഓഫീസിലേക്ക് ഇറച്ചി വ്യാപാരികള്‍ നടത്തിയ മാര്‍ച്ച്‌

വരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണസിയിലെ ജനസമ്പര്‍ക്ക ഓഫീസിന് മുന്നില്‍ ഇറച്ചി വ്യാപാരികളുടെ പ്രതിഷേധം. അനധികൃത കശാപ്പുശാലകള്‍ക്കെതിരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം. സര്‍ക്കാര്‍ നീക്കം തങ്ങളുടെ ജോലി ചെയ്യാനുള്ള അവകാശത്തിന് മേലുള്ള ആക്രമണമാണെന്ന് ആരോപിച്ച് വരാണസി രവീന്ദ്രപുരിയിലെ ജനസമ്പര്‍ക്ക ഓഫീസിന് മുന്നില്‍ നൂറോളം പേരാണ് പ്രതിഷേധവുമായെത്തിയത്.

നഗരത്തില്‍ നിന്നുള്ള ഖുറേഷി സമുദായക്കാര്‍ ഉള്‍പ്പെടെ ഉള്‍നാടുകളില്‍ നിന്നുള്ള ആളുകളും സി പി ഐ- എം എല്‍ പ്രവര്‍ത്തകരും പ്രതിഷേധത്തിനെത്തി. രണ്ട് കിലോമീറ്ററോളം നടന്നാണ് പ്രതിഷേധക്കാര്‍ ഇവിടെ എത്തിച്ചേര്‍ന്നത്. മോദിയും സംസ്ഥാന സര്‍ക്കാറും കശാപ്പുശാലകള്‍ തുറന്നുതരണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പശു സംരക്ഷകരെ നിരോധിക്കുക, ഇറച്ചിക്കടകള്‍ തുടങ്ങുന്നതിനുള്ള ലൈസന്‍സ് എളുപ്പത്തില്‍ ലഭ്യമാക്കുക, കശാപ്പുശാലകളുടെ ആധുനീകരണം വേഗത്തിലാക്കണം തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.
പ്രധാനമന്ത്രിയുടെ ജന സമ്പര്‍ക്ക ഓഫീസിലെത്തിയ പ്രതിഷേധക്കാര്‍ മോദിക്കുള്ള നിവേദനം അവിടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചു. കഴിഞ്ഞ അഞ്ച് ആഴ്ചക്കിടെ വരാണസിയില്‍ മാത്രം അനധികൃതമയി പ്രവര്‍ത്തിക്കുന്ന 38 അറവുശാലകള്‍ പൂട്ടിക്കുകയും ശുചിത്വ സംവിധാനം അടക്കമുള്ള ചട്ടലംഘനം ആരോപിച്ച് 62 എണ്ണത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് വെറ്ററിനറി ഓഫീസര്‍ ഡോ. അസ്‌ലം അന്‍സാരി അറിയിച്ചു.