Connect with us

Editorial

നയതന്ത്രം വധിക്കപ്പെടരുത്

Published

|

Last Updated

ഇന്ത്യാ-പാക് ബന്ധം കൂടുതല്‍ കലുഷമാക്കുന്നതാണ് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാക് നടപടി. ജാദവ് “റോ”ക്ക്‌വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ചു പാക് സൈനിക കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ചാരപ്രവര്‍ത്തനം, അട്ടിമറിശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചത്. ഇറാനില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കവെ 2015 മാര്‍ച്ച് മൂന്നിന് പാക് അതിര്‍ത്തി പ്രദേശമായ ചമനില്‍ വെച്ചാണ് ജാദവ് പാക്‌പോലീസിന്റെ പിടിയിലായത്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ വിഘടനവാദികളെ പ്രാത്സാഹിപ്പിക്കുകയായിരുന്നു ദൗത്യമെന്നും ചൈന-പാക്കിസ്ഥാന്‍ വാണിജ്യ ഇടനാഴിയില്‍ അട്ടിമറിനടത്താന്‍ പദ്ധതി തയാറാക്കിയിരുന്നുവെന്നും ആരോപിക്കുന്നുണ്ട്. ബലൂചിസ്ഥാനിലും സിന്ധിലും ഭീകരപ്രവര്‍ത്തനം നടത്തുന്നതിന് ഹുസൈന്‍ മുബാറക് പട്ടേല്‍ എന്ന പേര് സ്വീകരിച്ചിരുന്നതായി മജിസ്‌ട്രേറ്റിന് മുമ്പാകെ ജാദവ് കുറ്റസമ്മതം നടത്തുന്ന വീഡിയോയും പാക്കിസ്ഥാന്‍ പുറത്തു വിട്ടു. കറാച്ചിയിലും ബലൂചി പ്രവിശ്യയിലും ആക്രമണം നടത്തുന്നത് ഇന്ത്യയാണെന്ന് ജാദവിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി.

നാവികസേനയില്‍ നിന്ന് വിരമിച്ച കല്‍ഭൂഷണ് സര്‍ക്കാറുമായി ബന്ധമില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്. പാക്കിസ്ഥാന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇന്ത്യ ശക്തമായി നിഷേധിക്കുകയുമുണ്ടായി. ജാദവിനെതിരെ തെളിവുകളില്ലെന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ അധ്യക്ഷന്‍ സര്‍താജ് അസീസ് അറിയിച്ചിരുന്നത്. പിന്നെ എവിടെ നിന്നാണ് തെളിവ് കിട്ടിയതെന്നും ഇന്ത്യ ചോദിക്കുന്നു. ഇയാളെ വധിച്ചാല്‍ ആസൂത്രിതമായ കൊലയായി കണക്കാക്കുമെന്നും ഉഭയകക്ഷി ചര്‍ച്ചകളെ ബാധിക്കുമെന്നും പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ ഇന്ത്യ അറിയിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന 13 പാക്കിസ്ഥാന്‍ സ്വദേശികളെ വിട്ടയക്കാനുളള തീരുമാനം മാറ്റിവെച്ചിട്ടുമുണ്ട്. ഇന്നലെയായിരുന്നു വിട്ടയക്കേണ്ടിയിരുന്നത്.

ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ ചാരപ്രവര്‍ത്തനം സംബന്ധിച്ച ആരോപണങ്ങളും അറസ്റ്റും പതിവാണ്. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് അക്തറിനെ ചാരപ്രവൃത്തി ആരോപിച്ചു ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ഒക്‌ടോബര്‍ 26നാണ്. മാത്രമല്ല, ഡല്‍ഹിയിലെ പാക്‌ഹൈക്കമ്മീഷന്‍ ആസ്ഥാനത്ത് ചാരപ്രവര്‍ത്തി നടത്തുന്ന വേറെയും ഉദ്യോഗസ്ഥരുണ്ടെന്ന് അക്തര്‍ വെളിപ്പെടുത്തിയത്രെ. അതിന് തൊട്ടുപിന്നാലെ ഇന്ത്യയില്‍ നിന്ന് ആറ് ഉദ്യോഗസ്ഥരെ പാക്കിസ്ഥാനും പാക്കിസ്ഥാനില്‍ നിന്ന് എട്ട് പേരെ ഇന്ത്യയും തിരിച്ചു വിളിച്ചു. റോയുമായും ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയുമായും ബന്ധം ആരോപിച്ചു രാജേഷ് അഗ്നിഹോത്രി, ബല്‍ബീര്‍ സിംഗ് എന്നീ ഇന്ത്യന്‍ ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെടുകയുമുണ്ടായി. 2005 നവംബറില്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സിന്റെ ചാരന്മാരെന്നാരോപിച്ചു അഞ്ച് പാക്കിസ്ഥാനികളെ ഇന്ത്യ അറസ്റ്റ് ചെയ്തിരുന്നു.

2013ല്‍ ലാഹോര്‍ ജയിലില്‍ സഹതടവുകാരാല്‍ കൊല്ലപ്പെട്ട സരബ്ജിത് സിംഗ്, ഇതേ ജയിലില്‍തന്നെ മരണപ്പെട്ട ചമല്‍സിംഗ് തുടങ്ങി പലരും പാകിസ്ഥാന്റെ പിടിയിലായിട്ടുമുണ്ട്.

പാക് ചാരസംഘടനയായ ഐ എസ് ഐക്ക് ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന 11 അംഗ ചാരസംഘത്തെ ഫെബ്രുവരി ആദ്യത്തില്‍ മധ്യപ്രദേശ് തീവ്രവാദവിരുദ്ധ സ്‌ക്വാഡ്് പിടികൂടിയിരുന്നു. പ്രമുഖ ബി ജെ പി നേതാവിന്റ അടുത്ത ബന്ധുവായിരുന്നു ഇവരിലൊരാളെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐ എസ് ഐക്ക് വേണ്ടി ചാരപ്പണി നടത്തിയ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും മലയാളിയുമായ രഞ്ജിത്തിനെ ഡല്‍ഹി പോലീസ് പഞ്ചാബില്‍ നിന്നും അറസ്റ്റ് ചെയ്തത് കുറച്ച് മുമ്പാണ്. എങ്കിലും ചാരപ്രവര്‍ത്തനത്തിന് വധശിക്ഷ വിധിക്കുന്നതും നടപ്പാക്കുന്നതും ചുരുക്കമാണ്. 1998-ലാണ് ഇതിന് മുമ്പ് ഒരിന്ത്യക്കാരന് പാക്കിസ്ഥാന്‍വധശിക്ഷ വിധിച്ചത്.

പാക് പഞ്ചാബ് പ്രവിശ്യയിലെ സൈനിക കേന്ദ്രങ്ങളുടെ ഫോട്ടോ എടുത്തതിന് ബില്‍ബീര്‍ സിംഗ് എന്നയാള്‍ക്കെതിരെയായിരുന്നു അത്.
ചാരപ്രവര്‍ത്തനം കുറ്റകരമെങ്കിലും ശത്രുരാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തുകയും അട്ടിമറി സംഘടിപ്പിക്കുകയും ചെയ്യാത്ത രാഷ്ട്രമേതുണ്ട്? രാജ്യരക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമെന്ന നിലയില്‍ വിപുലമായ സംവിധാനത്തോടെയാണ് മിക്ക രാജ്യങ്ങളും ചാരപ്രവര്‍ത്തനം നടത്തുന്നത്. സി ഐ എ, കെ ജി ബി, മൊസ്സാദ് തുടങ്ങിയ ചാരസംഘടനകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച അട്ടിമറികളും ആഭ്യന്തര പ്രശ്‌നങ്ങളും അസംഖ്യമാണ്. എങ്കിലും അത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദങ്ങളെ ബാധിക്കാതിരിക്കാന്‍ എല്ലാവരും പരമാവധി ശ്രദ്ധിക്കാറുണ്ട്. പാക് നടപടി ഇന്ത്യാ പാക് ബന്ധത്തെയും ചര്‍ച്ചകളെയും ബാധിക്കാതിരിക്കാന്‍ നയപരമായ നീക്കങ്ങള്‍ ഇരുഭാഗത്തു നിന്നുമുണ്ടാകേണ്ടതുണ്ട്.

Latest